Entertainment
തിരിഞ്ഞു നോക്കുമ്പോഴാണ് അന്ന് ചെയ്തത് എത്ര വലിയ കാര്യമാണെന്ന് മനസിലാകുന്നത്: ശ്രുതി ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 23, 01:25 pm
Saturday, 23rd March 2024, 6:55 pm

അഞ്ചാം വയസില്‍ പിന്നണിഗാനരംഗത്തെത്തിയ ആളാണ് ശ്രുതി ഹാസന്‍. തേവര്‍ മകന്‍ എന്ന സിനിമയിലെ പാട്ടിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ശ്രുതി, പിന്നീട് നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്. 2009ല്‍ അഭിനയരംഗത്തേക്കും എത്തിയ താരം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിരവധി സിനിമകളിലും അഭിനയിച്ചു.

ഉന്നൈപ്പോല്‍ ഒരുവന്‍ എന്ന തമിഴ് സിനിമക്ക് സംഗീതം നല്‍കി സംഗീത സംവിധാനത്തിലും താരം തന്റെ കയ്യൊപ്പ് പതിപ്പിച്ചു. തമിഴിലെ യുവ സംവിധായകരിലൊരാളായ ലോകേഷ് കനകരാജിനെ നായകനാക്കി ഒരു മ്യൂസിക്കല്‍ ആല്‍ബവും താരം ചെയ്തു. കമല്‍ ഹസനാണ് ഈ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ വരികള്‍ എഴുതിയത്.

ഇനിമേല്‍ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക്കല്‍ വീഡിയോയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇനിമേലിന്റെ പ്രൊമഷനുമായി ബന്ധപ്പെട്ട് സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആദ്യമായി പാടിയ പാട്ടിന്റെ ഓര്‍മകള്‍ പങ്കുവെച്ചു.

‘അന്നത്തെ പ്രായത്തില്‍ സിനിമ എന്താണെന്നോ പാട്ട് എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു. ഇളയരാജ സാര്‍, ശിവാജി ഗണേശന്‍ സാര്‍ ഇവരെയൊന്നും എനിക്ക് അറിയില്ലായിരുന്നു. അപ്പ പാടാന്‍ പറഞ്ഞു, ഞാന്‍ പാടി. അന്ന് പാട്ടിനെ സീരിയസായിട്ട് എടുത്തിട്ടുണ്ടായിരുന്നില്ല. കുറച്ചുകൂടെ വലുതായപ്പോളാണ് അന്ന് ചെയ്തത് എത്ര വലിയ കാര്യമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. പിന്നീട് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പാട്ടിനെ സീരിയസായി കാണുന്നതും, ക്ലാസിക്കല്‍ മ്യൂസിക് പഠിക്കുന്നത്,’ ശ്രുതി പറഞ്ഞു.

Content Highlight: Shruti Haasan about her first song