ശ്രുതി ശരണ്യത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബി 32 മുതല്‍ 44 വരെ എന്ന സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസിന് മുന്നേതന്നെ ചിത്രത്തിന്റെ പ്രസ് മീറ്റ് വിവാദമായിരുന്നു. പ്രസ് മീറ്റിന് വന്ന സംവിധായികയോടും മറ്റ് നടിമാരോടും മാധ്യമപ്രവര്‍ത്തകര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
സ്ത്രീകള്‍ ആയതുകൊണ്ടാണ് തര്‍ക്കിക്കാന്‍ ധൈര്യം വരുന്നതെന്നും മമ്മൂട്ടിയെ പോലെ ഒരു വലിയ ആര്‍ട്ടിസ്റ്റ് വന്നിരുന്നാല്‍ അവര്‍ ഇതുപോലെ സംസാരിക്കുമോയെന്നും ചോദിക്കുകയാണ് ശ്രുതി ശരണ്യം. എന്റെ അമ്മ സ്ത്രീയാണ് എന്റെ ഭാര്യ സ്ത്രീയാണ് എന്റെ മോള് സ്ത്രീയാണ് എന്ന് പറയുന്ന കൂട്ടത്തോട് എങ്ങനെ പ്രതികരിക്കണമെന്നും സംരക്ഷിക്കപ്പെടേണ്ടവരാണ് സ്ത്രീകള്‍ എന്ന ചിന്തയില്‍ തന്നെ പ്രശ്നമുണ്ടെന്നും ശ്രുതി പറഞ്ഞു. ഡൂള്‍ന്യൂസ് പ്രതിനിധി അമൃത ടി. സുരേഷിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി ശരണ്യത്തിന്റെ പ്രതികരണം.
‘ഒരു മാനുഷിക പരിഗണന ഇല്ലാതെയാണ് സംസാരിച്ചത്. സ്ത്രീകള്‍ വന്നിരുന്നാല്‍ അവരെ കൂട്ട ആക്രമണം നടത്താമെന്ന ചിന്തയാണ്. മമ്മൂട്ടിയെ പോലെ ഒരു വലിയ ആര്‍ട്ടിസ്റ്റ് വന്നിരുന്നാല്‍ അവര്‍ ഇതുപോലെ സംസാരിക്കുമോ?
സ്ത്രീകള്‍ ആയതുകൊണ്ട് കൂടിയാണ് ഈ ധൈര്യം വരുന്നത്. ഒരു അജണ്ടയോട് കൂടിയുള്ള പരിപാടിയായിരുന്നു. കാശുകൊടുത്ത് ചെയ്യിപ്പിച്ചതാണോ എന്ന് പോലും തോന്നി. സര്‍ക്കാരിന്റെ നിര്‍മാണത്തില്‍ വന്ന സിനിമയാണ്. ഈ സിനിമയോടൊക്കെ പ്രശ്നമുള്ള ആളുകള്‍ ഉണ്ടാകുമോ. സിനിമയെ പറ്റി കേട്ടറിഞ്ഞ് കാണാന്‍ വരുന്ന ആളുകള്‍ വളരെ കുറവാണ്. അങ്ങനെയുള്ള സമയത്ത് ഇത്തരം സിനിമകളെ തകര്‍ക്കാന്‍ എന്തിനാണ് ഇങ്ങനെ ഒരു ക്യാമ്പെയ്ന്‍. ഹേറ്റ് ക്യാമ്പെയ്നുകള്‍ നടക്കുന്നുണ്ട്. അതിനുവേണ്ടി വളരെ കാര്യമായി പണിയെടുത്തവരുണ്ട്. അതെന്തിനാണ് എന്ന് എനിക്കറിയില്ല.
അവിടെ വന്ന മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ തര്‍ക്കം ഉണ്ടാക്കിയ സംഭവമായിരുന്നു അത്. ബോധമുള്ള ആളുകള്‍ ആ സമയം എതിര്‍ത്ത് സംസാരിച്ചു. ഇവരൊന്നും മാധ്യമപ്രവര്‍ത്തനം പഠിച്ചിട്ട് വരുന്നവരല്ല. ആര്‍ക്കും വരാവുന്ന നിലയിലേക്ക് ഡിജിറ്റല്‍ മീഡിയ മാറിയിട്ടുണ്ട്. സിനിമയുടെ കാര്യത്തിലും അങ്ങനെയൊക്കെ തന്നെയാണ്. ആര്‍ക്കുവേണമെങ്കിലും എത്തിപ്പെടാവുന്ന നിലയായി. ഇവരെയൊന്നും പാഠം പഠിപ്പിച്ചു കൊടുക്കാവുന്ന സമയം എനിക്കില്ല.
എന്റെ അമ്മ സ്ത്രീയാണ് എന്റെ ഭാര്യ സ്ത്രീയാണ് എന്റെ മോള് സ്ത്രീയാണ് എന്ന് പറയുന്ന കൂട്ടത്തോട് എങ്ങനെ പ്രതികരിക്കണം. എന്റെ അച്ഛന്‍ ഒരു പുരുഷനാണ് ഭര്‍ത്താവ് പുരുഷനാണ് കാമുകനൊരു പുരുഷനാണ് എന്ന് ഞാന്‍ പറയുന്നില്ലല്ലോ. സ്ത്രീകളെ സംരക്ഷിക്കേണ്ടത് കടമയാണ് എന്നൊക്കെയാണ് പറയുന്നത്. സംരക്ഷിക്കപ്പെടേണ്ടവരാണ് സ്ത്രീകള്‍ എന്ന ചിന്തയില്‍ തന്നെ പ്രശ്നമുണ്ട്. അവരെ ഞാന്‍ കാര്യമായി എടുത്തിട്ടില്ല. സീരിയസായി എടുക്കുമ്പോഴാണ് ബുദ്ധിമുട്ട്. അവരെ സംബന്ധിച്ചിടത്തോളം വേണ്ടത് കിട്ടി. കുറച്ച് വ്യൂവര്‍ഷിപ്പ് ഉണ്ടാക്കണം. അതുകൊണ്ട് നമുക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ. സിനിമയെ പറ്റി നാലാള്‍ അറിഞ്ഞു,’ ശ്രുതി പറഞ്ഞു.