'ചടങ്ങില്‍ ഞങ്ങളുടെ ബിഷപ്പ് വരുന്നുണ്ട് സ്ലീവ് ലെസ് ധരിക്കാതെ വരാന്‍ കഴിയുമോ?' ; വനിതാ ദിനത്തില്‍ സിനിമാപ്രവര്‍ത്തക ശ്രുതി നമ്പൂതിരിക്ക് സഭാ സ്ഥാപനത്തിന്റെ വിലക്ക്
Kerala
'ചടങ്ങില്‍ ഞങ്ങളുടെ ബിഷപ്പ് വരുന്നുണ്ട് സ്ലീവ് ലെസ് ധരിക്കാതെ വരാന്‍ കഴിയുമോ?' ; വനിതാ ദിനത്തില്‍ സിനിമാപ്രവര്‍ത്തക ശ്രുതി നമ്പൂതിരിക്ക് സഭാ സ്ഥാപനത്തിന്റെ വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th March 2017, 9:48 pm

 

ചെറുതുരുത്തി: വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സ്ലീവ്‌ലെസ് ടോപ്പ് ധരിക്കുന്നതിന് സിനിമാ പ്രവര്‍ത്തകയ്ക്ക് വിലക്കുമായി സംഘാടക സമിതി. ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടശേഷം നേരിടേണ്ടി വന്ന ദുരനുഭവം ശ്രുതി ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്.


Also read നിശ്ചയം കഴിഞ്ഞു; വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകും: ഭാവന


കോട്ടപ്പുറം ഇന്റര്‍ഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ബിഷപ്പ് റൈറ്റ് റവ. ജോസഫ് കാരിക്കശ്ശേരി പങ്കെടുക്കുന്നതിന്റെ പേരില്‍ ശ്രുതിയ്ക്ക് വസ്ത്ര സ്വാതന്ത്രം നിഷേധിക്കപ്പെട്ടത്. വസ്ത്രധാരണത്തില്‍ നിബന്ധന വച്ചതിനെത്തുടര്‍ന്ന് ശ്രുതി പരിപാടി ബഹിഷ്‌ക്കരിക്കുകയായിരുന്നു.

വനിതാ ദിനത്തിന്റെ അങ്ങേ മുഖം ഇതാണെന്ന് പറഞ്ഞുകൊണ്ടാണ് ശ്രുതി പോസ്റ്റ് ആരംഭിക്കുന്നത്. ചാരിറ്റി ഗ്രൂപ്പ് വനിതാ ദിനത്തിന്റെ ഭാഗമായി സഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യാഥിയായി പങ്കെടുക്കാമോ എന്നു ചോദിച്ച് വിളിച്ചെന്നും പിന്നീട് നോട്ടീസില്‍ പ്രിന്റ് ചെയ്യാന്‍ ഫോട്ടോ ആവശ്യപ്പെട്ടെന്നും ശ്രുതി പറയുന്നു. വേഗം വേണമെന്ന് പറഞ്ഞിരുന്നതിനാല്‍ ജോലിത്തിരിക്കിനിടയില്‍ ഫോണിലുണ്ടായ ഫോട്ടോയാണ് താന്‍ അയച്ച് കൊടുത്തതെന്ന് പറഞ്ഞ ശ്രുതി ചിത്രം സ്ലീവ്‌ലെസ് ടോപ്പ് ധരിച്ചതായിരുന്നെന്നും പറഞ്ഞു.


Must read ‘വായമൂടിപ്പൊത്തി സുരക്ഷാ ജീവനക്കാര്‍ പുറത്തേക്കുവലിച്ചിട്ടു’ മോദിയുടെ സ്ത്രീ വിമോചന പ്രസംഗത്തിനിടെ പരാതി പറഞ്ഞ സ്ത്രീയ്ക്കു സംഭവിച്ചത് 


എന്നാല്‍ നോട്ടീസില്‍ ഫോട്ടോയുടെ തല മാത്രം ക്രോപ്പ് ചെയ്ത് ഒട്ടിച്ചശേഷം നോട്ടീസിനൊപ്പം ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ സ്ലീവ്‌ലെസ് ധരിക്കാതിരാക്കാന്‍ പറ്റുമോയെന്ന് ചോദിച്ച് സംഘാടക മറുപടിയക്കുകയായിരുന്നെന്നും ശ്രുതി പറഞ്ഞു. സംഘാടകയുടെ മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടും ശ്രുതി പോസ്റ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

തങ്ങളുടെ ബിഷപ്പ് ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ സ്ലീവ്‌ലെസ് ധരിക്കാതെ വരുമോയെന്ന് ഡയറക്ടര്‍ ചോദിച്ചിട്ടുണ്ടെന്നുമാണ് സംഘാടകയുടെ മെസ്സേജില്‍ പറയുന്നത്. താങ്കള്‍ എന്നോട് ആവശ്യപ്പെട്ടത് തന്റെ ആദര്‍ശങ്ങള്‍ക്കെതിരാണെന്നും ഒരു സ്ത്രീ എന്ന നിലയില്‍ തനിക്കിത് അംഗീകരിക്കാനാകില്ലെന്നും ശ്രുതി മറുപടിയായി പറയുന്നുണ്ട്. സ്ത്രീകള്‍ക്കുള്ള ദിനത്തിലെങ്കിലും സ്ത്രീകളുടെ സ്വാതന്ത്രം മാനിക്കണമെന്നാണ് തന്റെ പക്ഷമെന്നും അതുകൊണ്ട് ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയാല്‍ നന്നായിരിക്കുമെന്നും ശ്രുതി സംഘാടകരെ അറിയിക്കുകയായിരുന്നു.