ഞാൻ ഒരു സ്ട്രിക്ട് അധ്യാപികയായിരുന്നു, അതിൽ അഭിമാനിക്കുന്നില്ല, കൂടുതൽ വിൻസി അലോഷ്യസിനോട് ചോദിക്കൂ: ശ്രുതി രാമചന്ദ്രൻ
Entertainment
ഞാൻ ഒരു സ്ട്രിക്ട് അധ്യാപികയായിരുന്നു, അതിൽ അഭിമാനിക്കുന്നില്ല, കൂടുതൽ വിൻസി അലോഷ്യസിനോട് ചോദിക്കൂ: ശ്രുതി രാമചന്ദ്രൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th June 2023, 8:47 am

സംവിധായകൻ രഞ്ജിത്തിന്റെ സംവിധാനത്തിൽ മലയാള സിനിമ രംഗത്തേക്ക് വന്ന നടിയാണ് ശ്രുതി രാമചന്ദ്രൻ.ഒരു നടി എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടത് പ്രേതം എന്ന ചിത്രത്തിലൂടെയാണ്. താൻ ഒരു അധ്യാപികയായിരുന്നപ്പോഴുള്ള ഓർമകളും ഒപ്പം തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും പറയുകയാണ് താരം.

താൻ ഒരു സ്ട്രിക്ട് അധ്യാപികയായിരുന്നെന്നും നടി വിൻസി അലോഷ്യസിനെ പഠിപ്പിച്ചിട്ടുണ്ടെന്നും പറയുകയാണ് ശ്രുതി. താൻ കർക്കശക്കാരിയായ അധ്യാപിക ആയിരുന്നെങ്കിലും അതിൽ അഭിമാനിക്കുന്നില്ലെന്നും പറയുകയാണ് താരം. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രുതി.

‘ഞാൻ വിൻസി അലോഷ്യസിന്റെ പ്രൊഫസർ ആയിരുന്നു. വിൻസിയും, ഞാനും സർജനോ ഖാലിദും ഒരുമിച്ചാണ് ‘മാരിവില്ലിന് ഗോപുരം’ എന്ന ചിത്രം ചെയ്യുന്നത്. എന്നെപ്പറ്റി വിൻസിയോട് ചോദിച്ചാൽ വിൻസി പറയും ഞാൻ ഒരു സ്ട്രിക്ട് ആയിട്ടുള്ള അധ്യാപിക ആണെന്ന്. ഞാൻ ജോലിയുടെ കാര്യം വരുമ്പോൾ മാത്രമാണ് സ്ട്രിക്ട് ആകുന്നത്. എങ്കിലും കുറച്ച് കൂടുതൽ സ്ട്രിക്ട് അധ്യാപികയായിരുന്നു. പക്ഷെ ഞാൻ അതിൽ അഭിമാനിക്കുന്നില്ല,’ ശ്രുതി പറഞ്ഞു.

അഭിമുഖത്തിൽ തന്റെ പുതിയ ചിത്രമായ ‘നീരജ’യുടെ വിശേഷങ്ങളും ശ്രുതി പങ്കുവച്ചു. നീരജ വളരെ സെൻസിറ്റീവ് ആയ വിഷയമാണ് ചർച്ച ചെയ്യുന്നതെന്നും തന്റെ ചുറ്റുമുള്ളവരുടെ ജീവിതങ്ങളോട് സാമ്യം തോന്നിക്കുന്ന കഥയാണ് നീരജയിൽ ചർച്ച ചെയ്യുന്നതെന്നും ശ്രുതി പറഞ്ഞു.

‘നീരജ വളരെ സെൻസിറ്റിവ് ആയ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നത്. എന്റെ പ്രായ പരിധിയിൽ നിൽക്കുന്ന പലരും വിവാഹിതരാണ്. കുറച്ച് ആളുകൾക്ക് അവരുടെ പങ്കാളികളെ നഷ്ടപ്പെട്ടതാണ്. ചിലപ്പോൾ ബന്ധം വേർപിരിഞ്ഞതാവാം അല്ലെങ്കിൽ മരണപ്പെട്ടതാവാം. അങ്ങനെ ചില സൗഹൃദങ്ങൾ എനിക്കുണ്ട്. അതുകൊണ്ട് ഈ കഥ എനിക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. ഈ ചിത്രത്തിൽ ‘നീരജയുടെ’ ഭർത്താവ് മരിക്കുന്നുണ്ട്. ജീവിത പങ്കാളികൾ മരിക്കുമ്പോൾ അതിനൊപ്പം നമ്മുടെ ആഗ്രഹങ്ങൾ മാറുന്നില്ലെന്നാണ് നീരജ എന്ന ചിത്രം ചർച്ച ചെയ്യുന്നത്. ഒരു മനുഷ്യനാകുമ്പോൾ മാനസികവും ശാരീരികവുമായ ആഗ്രഹങ്ങൾ ഉണ്ടാകും, ഇതിൽ മനുഷ്യന്റെ ശാരീരികമായ ആഗ്രഹങ്ങളെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. ചിത്രത്തിൽ സ്ത്രീ പുരുഷൻ എന്ന് വേർതിരിച്ച് കാണുന്നില്ല. സ്ത്രീകൾക്കാണെങ്കിലും പുരുഷന്മാർക്കാണെങ്കിലും ഉണ്ടായേക്കാവുന്ന അവസ്ഥകളെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്,’ ശ്രുതി പറഞ്ഞു.

Content Highlights: Shruthi Ramachandran on Vincy Aloshyas