'നായകന്മാര്‍ക്ക് എങ്ങനെയുള്ള കഥാപാത്രമാണോ അതുപോലെ മികച്ചതാവണം തന്റെ കഥാപാത്രമെന്ന് പ്രശാന്ത് നീലിനോട് പറഞ്ഞു, മറുപടി ഇതായിരുന്നു'
Film News
'നായകന്മാര്‍ക്ക് എങ്ങനെയുള്ള കഥാപാത്രമാണോ അതുപോലെ മികച്ചതാവണം തന്റെ കഥാപാത്രമെന്ന് പ്രശാന്ത് നീലിനോട് പറഞ്ഞു, മറുപടി ഇതായിരുന്നു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th January 2024, 1:13 pm

സലാറില്‍ പ്രഭാസിനും പൃഥ്വിരാജിനുമൊപ്പം ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ശ്രിയ റെഡ്ഡി അവതരിപ്പിച്ച രാധാ രമ. പ്രകടനത്തിലും കഥാപാത്രത്തിലും സ്‌ക്രീന്‍ പ്രസന്‍സിലും മുന്‍ നിര നയകന്മാര്‍ക്കൊപ്പം ശ്രിയയും തല ഉയര്‍ത്തി നിന്നിരുന്നു.

തന്റെ കഥാപാത്രത്തെ പറ്റി സംവിധായകന്‍ പ്രശാന്ത് നീലിനോട് ആവശ്യങ്ങളുന്നയിച്ചതിനെ പറ്റി സംസാരിക്കുകയാണ് ശ്രിയ റെഡ്ഡി. നായകന്മാര്‍ക്ക് എത്രത്തോളം നല്ല കഥാപാത്രങ്ങളാണോ കൊടുക്കുന്നത് അതുപോലെ ഒന്ന് തന്നെ തനിക്കും വേണമെന്ന് പറഞ്ഞുവെന്നും അദ്ദേഹത്തിന് തന്റെ ആറ്റിറ്റിയൂഡ് ഇഷ്ടപ്പെട്ടുവെന്നും ശ്രിയ പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രിയ.

‘പ്രശാന്തിനോട് ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു. ഞാന്‍ ഒരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് അത്രക്കും നന്നാവണം. നിങ്ങളുടെ നായകന്മാര്‍ക്ക് എത്രത്തോളം നല്ല കഥാപാത്രങ്ങളാണോ കൊടുക്കുന്നത് അതുപോലെ ഒന്ന് തന്നെ എനിക്കും വേണമെന്ന് പറഞ്ഞു. ഓക്കെ എന്ന് പറഞ്ഞിട്ട് പ്രശാന്ത് ചിരിക്കാന്‍ തുടങ്ങി. എന്തിനാണ് നിങ്ങള്‍ ചിരിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. ഒന്നുമില്ല, ഏറ്റവും മികച്ചത് തന്നെ ലഭിക്കണമെന്ന് ഈ ആറ്റിറ്റിയൂഡ് എനിക്ക് ഇഷ്ടപ്പെട്ടു, ആ കഥാപാത്രത്തിനായിട്ടാണ് ഞാന്‍ തിരഞ്ഞുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ തുടങ്ങിയത്,’ ശ്രിയ പറഞ്ഞു.

സലാറിലേക്ക് ആദ്യം വിളിച്ചപ്പോള്‍ വരില്ലെന്നാണ് പറഞ്ഞിരുന്നതെന്നും പിന്നീട് രണ്ട് ഫോട്ടോഷൂട്ട് നടത്തിയിട്ടാണ് പൂര്‍ണമായും സമ്മതം മൂളിയതെന്നും ശ്രിയ പറഞ്ഞു. ‘സലാറിലേക്ക് വിളിച്ചപ്പോള്‍ ആദ്യം നോ ആണ് പറഞ്ഞത്. കാരണം ഇത്രയും കഥാപാത്രങ്ങളുള്ള സിനിമയില്‍ എനിക്ക് സ്‌ക്രീന്‍ സ്പേസ് ഉണ്ടാവുമോയെന്ന് സംശയമായിരുന്നു. എന്നാല്‍ പ്രശാന്തുമായി പിന്നേയും കോണ്‍ടാക്ട് ഉണ്ടായിരുന്നു. ഒടുവില്‍ വരാമെന്ന് സമ്മതിച്ചു.

ആദ്യം ചെയ്ത ഫോട്ടോ ഷൂട്ട് വളരെ സാധാരണമായിരുന്നു. ഒരു സ്ട്രൈക്കിങ് ലുക്കുണ്ടായിരുന്നു. എന്നാല്‍ എനിക്ക് യോജ്യമല്ലെന്ന് തോന്നുന്നതൊന്നും ചെയ്യാന്‍ താത്പര്യമില്ലായിരുന്നു. ഭയങ്കര ബോറായി തോന്നി. പ്രതിനായിക എന്ന് പറയുമ്പോള്‍ അതിന് കൃത്യമായ ഒരു രൂപമുണ്ട്. അത് എനിക്ക് കൃത്യമായി ലഭിക്കണമായിരുന്നു. എന്നെ ഈ സിനിമയിലേക്ക് വേണമെന്നുണ്ടെങ്കില്‍ വ്യത്യസ്തമായ വേഷം എനിക്ക് വേണമെന്ന് പ്രശാന്തിനോട് പറഞ്ഞു. ഇപ്പോള്‍ കൊണ്ടുവന്നത് ആര്‍ക്ക് വേണമെങ്കിലും ചെയ്യാന്‍ പറ്റുന്ന സാധാരണ ലുക്കാണ്. കുറച്ചുകൂടി എക്സൈറ്റ്മെന്റ് തരുന്ന കഥാപാത്രം വേണമെന്ന് പറഞ്ഞു.

രണ്ടാമത്തെ ഫോട്ടോ ഷൂട്ട് അസാധാരണമായിരുന്നു. ആ കഥാപാത്രത്തിന് അനുയോജ്യമായ കളര്‍ കോമ്പിനേഷനും ആഭരണങ്ങളുമുണ്ടായിരുന്നു. യഥാര്‍ത്ഥത്തിലുള്ള വെള്ളി ആഭരണങ്ങളാണ് ഉപയോഗിച്ചത്. കഥാപാത്രത്തിന് ആധികാരികത വേണമായിരുന്നു. രാധാ രാമ എന്ന കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ട്. ആ കഥാപാത്രത്തിന് മുടി പ്രത്യേക രീതിയിലായിരുന്നു സെറ്റ് ചെയ്തിരുന്നത്,’ ശ്രിയ റെഡ്ഡി പറഞ്ഞു.

Content Highlight: Shriya Reddy talks about the demands she made to director Prashant Neel regarding her character