പ്രഭാസിനും പൃഥ്വിരാജിനുമൊപ്പം സലാറില്‍ ശ്രദ്ധ നേടിയ നടിയായിരുന്നു ശ്രിയ റെഡ്ഡി. രാധാ രാമ മന്നാര്‍ എന്ന അവരുടെ കഥാപാത്രവും പ്രകടനവും ചര്‍ച്ചയായിരുന്നു. സലാറിലേക്ക് വിളിച്ചപ്പോള്‍ ആദ്യം നോ ആണ് പറഞ്ഞതെന്ന് ശ്രിയ റെഡ്ഡി പറഞ്ഞു. കഥാപാത്ര ബാഹുല്യമുള്ള ചിത്രത്തില്‍ തനിക്ക് സ്‌പേസുണ്ടാവുമോയെന്ന സംശയമായിരുന്നുവെന്നും പിന്നീട് സമ്മതിച്ചുവെന്നും ശ്രിയ പറഞ്ഞു. വ്യത്യസ്തമായ ലുക്ക് ഉണ്ടെങ്കിലേ ചിത്രത്തിലേക്ക് വരികയുള്ളൂവെന്ന് പ്രശാന്ത് നീലിനോട് പറഞ്ഞിരുന്നുവെന്നും ശ്രിയ പറഞ്ഞു. ഫിലിം കംപാനിയന് സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘സലാറിലേക്ക് വിളിച്ചപ്പോള്‍ ആദ്യം നോ ആണ് പറഞ്ഞത്. കാരണം ഇത്രയും കഥാപാത്രങ്ങളുള്ള സിനിമയില്‍ എനിക്ക് സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാവുമോയെന്ന് സംശയമായിരുന്നു. എന്നാല്‍ പ്രശാന്തുമായി പിന്നേയും കോണ്‍ടാക്ട് ഉണ്ടായിരുന്നു. ഒടുവില്‍ വരാമെന്ന് സമ്മതിച്ചു.
ആദ്യം ചെയ്ത ഫോട്ടോ ഷൂട്ട് വളരെ സാധാരണമായിരുന്നു. ഒരു സ്‌ട്രൈക്കിങ് ലുക്കുണ്ടായിരുന്നു. എന്നാല്‍ എനിക്ക് യോജ്യമല്ലെന്ന് തോന്നുന്നതൊന്നും ചെയ്യാന്‍ താത്പര്യമില്ലായിരുന്നു. ഭയങ്കര ബോറായി തോന്നി. പ്രതിനായിക എന്ന് പറയുമ്പോള്‍ എതിന് കൃത്യമായ ഒരു രൂപമുണ്ട്. അത് എനിക്ക് കൃത്യമായി ലഭിക്കണമായിരുന്നു. എന്നെ ഈ സിനിമയിലേക്ക് വേണമെന്നുണ്ടെങ്കില്‍ വ്യത്യസ്തമായ വേഷം എനിക്ക് വേണമെന്ന് പ്രശാന്തിനോട് പറഞ്ഞു. ഇപ്പോള്‍ കൊണ്ടുവന്നത് ആര്‍ക്ക് വേണമെങ്കിലും ചെയ്യാന്‍ പറ്റുന്ന സാധാരണ ലുക്കാണ്. കുറച്ചുകൂടി എക്‌സൈറ്റ്‌മെന്റ് തരുന്ന കഥാപാത്രം വേണമെന്ന് പറഞ്ഞു.
രണ്ടാമത്തെ ഫോട്ടോ ഷൂട്ട് അസാധാരണമായിരുന്നു. ആ കഥാപാത്രത്തിന് അനുയോജ്യമായ കളര്‍ കോമ്പിനേഷനും ആഭരണങ്ങളുമുണ്ടായിരുന്നു. യഥാര്‍ത്ഥത്തിലുള്ള വെള്ളി ആഭരണങ്ങളാണ് ഇപയോഗിച്ചത്. കഥാപാത്രത്തിന് ആധികാരികത വേണമായിരുന്നു. രാധാ രാമ എന്ന കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ട്. ആ കഥാപാത്രത്തിന് മുടി പ്രത്യേക രീതിയിലായിരുന്നു സെറ്റ് ചെയ്തിരുന്നത്.
പ്രശാന്താണെങ്കില്‍ കഥാപാത്രങ്ങളുടെ മുടി പ്രത്യേകം ശ്രദ്ധിക്കുന്ന ആളാണ്. അതിനെപറ്റി അദ്ദേഹം സംസാരിക്കുമ്പോള്‍ അത് തമാശയായി കാണാനാവില്ല. എപ്പോഴും അടുത്ത് വന്ന് മുടി ശരിയാക്കി തന്നുകൊണ്ടിരിക്കും. അങ്ങനെ രണ്ടാമത് ഷൂട്ട് ചെയ്ത ലുക്ക് നന്നായി വന്നു. ആ ഫോട്ടോ ഷൂട്ടിനിടക്ക് മ്യൂസിക് പ്ലേ ചെയ്യുന്നുണ്ടായിരുന്നു, ശരിയായ മൂഡ് ലഭിക്കാന്‍. കെ.ജി.എഫിലെ പാട്ടായിരുന്നു പ്ലേ ചെയ്തത്,’ ശ്രിയ റെഡ്ഡി പറഞ്ഞു.
Content Highlight: Shriya Reddy said that when She was called to Salaar, she said no at first