പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളിലെ മുന്നറിയിപ്പ് ചിത്രത്തിന്റെ വലിപ്പം കുറയ്ക്കണം: കര്‍ണാടക ഹൈക്കോടതി
Tobacco products
പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളിലെ മുന്നറിയിപ്പ് ചിത്രത്തിന്റെ വലിപ്പം കുറയ്ക്കണം: കര്‍ണാടക ഹൈക്കോടതി
എഡിറ്റര്‍
Saturday, 16th December 2017, 11:47 am

ബംഗളൂരു: പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളില്‍ 85 ശതമാനം സ്ഥലത്ത് “ആരോഗ്യ മുന്നറിയിപ്പ്” നല്‍കണമെന്ന നിയമത്തിനെതിരെ കര്‍ണാടക ഹൈക്കോടതി. നേരത്തെയുണ്ടായിരുന്നത് പോലെ മുന്നറിയിപ്പ് 40 ശതമാനമാക്കണമെന്നും കോടതി പറഞ്ഞു.

2014ലാണ് ആരോഗ്യമന്ത്രാലയം നിയമത്തില്‍ ഭേദഗതി വരുത്തി The Cigarettes and Other Tobacco Products (Packaging and Labelling) Amendment Rules, 2014 (COTPA) ഉത്തരവിറക്കിയിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരമൊരു ഉത്തരവ് ഇറക്കാന്‍ സര്‍ക്കാരിന് നിയമാധികാരമില്ലെന്നും കോടതി പറഞ്ഞു.

കച്ചവടം ചെയ്യാനുള്ള അവകാശത്തിന് മേലുള്ള അനാവശ്യമായ നിയന്ത്രണമാണ് സര്‍ക്കാര്‍ നടപടിയെന്നും ഉത്തരവ് ജനങ്ങളെ പേടിപ്പിക്കാനുള്ളതാവരുതെന്നും കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ബി.എസ് പാട്ടീല്‍ ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 85 ശതമാനം ഭേതഗതിയ്‌ക്കെതിരെ വിവിധ സംസ്ഥാന ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ സുപ്രീംകോടതി കര്‍ണാടക ഹൈക്കോടതിക്ക് നല്‍കുകയായിരുന്നു.

ടൊബാക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അടക്കമുള്ള കക്ഷികളാണ് സി.ഒ.ടി.പി.എ ഉത്തരവിനെതിരെ ഹരജി നല്‍കിയിരുന്നത്. മുന്നറിയിപ്പ് ചിത്രങ്ങളുടെ അന്താരാഷ്ട്ര മാതൃക 30 ശതമാനമാണെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ സിഗരറ്റ് വിറ്റഴിക്കപ്പെടുന്ന രാജ്യങ്ങളായ അമേരിക്ക, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ ടെക്സ്റ്റ് മുന്നറിയിപ്പുകള്‍ മാത്രമേയുള്ളൂവെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.