| Friday, 10th May 2024, 12:19 pm

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അഹമ്മദാബാദിലെ ദര്‍ഗ ആക്രമിച്ച് കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍; സംഘര്‍ഷം വോട്ടെടുപ്പിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിൽ ആറുനൂറ്റാണ്ടോളം പഴക്കമുള്ള ദർഗക്ക് നേരെ ആക്രമണം. അഹമ്മദാബാദിലെ പ്രാന്തപ്രദേശമായ പിരാനയിലെ ഇമാം ഷാ ബാവായുടെ ആരാധാനാലയത്തിനു നേരെയാണ് ആക്രമണം നടന്നത്.

ഹിന്ദുത്വ വാദികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ അഹമ്മദാബാദിലെ പ്രാന്തപ്രദേശങ്ങളിൽ വർഗീയ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേസിൽ 30 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദർഗയിലുണ്ടായിരുന്ന സൂഫി സന്ന്യാസി ഇമാം ഷായുടെ ഖബറിടം അക്രമകാരികൾ പൂർണ്ണമായും തകർത്തുകളഞ്ഞു. അഹമ്മദാബാദിലെ ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന്റെ പ്രതീകമായിരുന്നു ഈ ആരാധനാലയം. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഇതിന്റെ നടത്തിപ്പുകാരായിരുന്നു. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

ആരാധനാലയത്തിൽ മുസ്‌ലിം വിശ്വാസികളും ചില ഹിന്ദുത്വ വാദികളും തമ്മിൽ തർക്കം ഉണ്ടാവുകയും തുടർന്ന് ഇരുകൂട്ടരും ചേരി തിരിഞ്ഞ് കല്ലെറിയാനും പരസ്പരം ആക്രമിക്കാനും തുടങ്ങി.

ഇതിനുപിന്നാലെയാണ് ഒരുവിഭാഗമാളുകൾ ആരാധനാലയം അടിച്ചു തകർത്തത്. ദർഗക്കുള്ളിലെ ചില സ്തൂപങ്ങളും ജനൽ ചില്ലുകളും അക്രമകാരികൾ തകർത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം ദർഗയിൽ കാവിക്കൊടി നാട്ടിയതായും ദൃശ്യങ്ങളിൽ കാണാം.

പുലർച്ചെ മൂന്നിനും അഞ്ചിനുമിടയിലായിരുന്നു സംഭവം. ഇമാം ഷാ ബാവ റോസാ ട്രസ്റ്റ് അംഗങ്ങളാണ് തന്നെ അക്രമം നടന്ന വിവരം അറിയിച്ചതെന്ന് അഹമ്മദാബാദ് പൊലീസ് ഉദ്യോഗസ്ഥൻ ഓം പ്രകാശ് ജാട്ട് പറഞ്ഞു. ഇമാം ഷായുടെ ഖബറിടം തകർക്കപ്പെട്ടതറിഞ്ഞ് നിരവധി ആളുകൾ സംഭവസ്ഥലത്തേക്കെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമികളെ ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും നിലവിൽ അറസ്റ്റ് ചെയ്യപ്പെട്ടത് ദർഗ ആക്രമിച്ചവരെയല്ലെന്നും പിന്നാലെ നടന്ന സംഘർഷത്തിൽ ഉൾപ്പെട്ടവരെയാണെന്നും പൊലീസ് പറഞ്ഞു.
ആക്രമണത്തിൽ ഒരു പൊലീസുകാരനടക്കം അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അസ്‌ലളി പൊലീസ് സ്റ്റേഷനിലെ സവിസേഠ്‌ എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.

ദർഗയെ ഹിന്ദു ക്ഷേത്രമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് 2022 ൽ പ്രദേശത്തുള്ള മുസ്‌ലിം സംഘടനകൾ ഗുജറാത്ത് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹരജി സമർപ്പിച്ചിരുന്നു. എന്നാൽ ഈ ഹരജി പരിഗണിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു.

Content Highlight: shrine attack in Gujarat

We use cookies to give you the best possible experience. Learn more