കോഴിക്കോട്: കണ്ണൂരില്‍ സമാധാനം കൊണ്ടുവരുന്നതിനും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുമായി സി.പി.ഐ.എം – ആര്‍.എസ്.എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചിരുന്നെന്ന് സത്സംഘ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എം.
മാതൃഭൂമി ഓണ്‍ലൈനിന് വേണ്ടി കെ.എ ജോണിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീ എം ഇക്കാര്യം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇതിനായി രണ്ട് യോഗങ്ങളാണ് നടത്തിയതെന്നും ശ്രീ എം പറഞ്ഞു.
ആദ്യം തിരുവനന്തപുരത്തും രണ്ടാമത് കണ്ണൂരുമായിരുന്നു യോഗം. രണ്ട് യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സി.പി.ഐ.എം. നേതാക്കളും ആര്‍.എസ്.എസ്. നേതാവ് ഗോപാലന്‍കുട്ടി മാഷും ഇതര നേതാക്കളും പങ്കെടുത്തു. കേരള സമൂഹത്തിന്റെ നന്മയ്ക്കായി ചെയ്ത ഈ നടപടിയില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
നിലവിലെ രാഷ്ട്രീയ വിവാദങ്ങളില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവേകാനന്ദന്റെ കൃതികളും ദാസ് ക്യാപിറ്റലും വായിക്കുന്നയാളാണ് താന്‍ എന്നും അര്‍.എസ്.എസ് – സി.പി.ഐ.എം സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ ആണ് താന്‍ ഇടപ്പെട്ടതെന്നും ശ്രീ എം പറഞ്ഞു.
ഒരു രാഷ്ട്രീയ ലക്ഷ്യവും തനിക്കില്ല. മനുഷ്യനന്മ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. എല്ലാ പാര്‍ട്ടികളിലും നല്ല മനുഷ്യരുണ്ട്. അവരെ ഒരുമിപ്പിച്ച് സമൂഹത്തിന് ഉപകാരം ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഓര്‍ഗനൈസര്‍ മാഗസിനില്‍ ജോലി ചെയ്തിട്ടില്ല. പക്ഷേ, ഓര്‍ഗനൈസറുമായി ബന്ധമുണ്ടായിരുന്നു. അത് വളരെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്ന് ഓര്‍ഗനൈസറിലുണ്ടായിരുന്ന മലയാളി ബാലശങ്കറിനെ അറിയാമായിരുന്നു. അദ്ദേഹം വഴി ഓര്‍ഗനൈസര്‍ പത്രാധിപര്‍ മല്‍ക്കാനിയെയും പരിചയപ്പെട്ടു. ഇടയ്ക്ക ്ചില ലേഖനങ്ങള്‍ ഓര്‍ഗനൈസറില്‍ എഴുതിയിരുന്നെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി ശ്രീ എം പറഞ്ഞു.
തനിക്ക് ചെറുപ്പത്തില്‍ കമ്മ്യൂണിസത്തോട് അടുപ്പമുണ്ടായിരുന്നു. എല്ലാ പ്രത്യയശാസ്ത്രങ്ങളില്‍നിന്നും നല്ലത് സ്വീകരിക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. മനുഷ്യരിലാരും തന്നെ പൂര്‍ണ്ണരല്ല. പൂര്‍ണ്ണത ദൈവത്തിനു മാത്രമേ പറ്റുകയുള്ളുവെന്നും ശ്രീ എം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ചും അദ്ദേഹം പറഞ്ഞു. താന്‍ നടത്തിയ ഭാരതയാത്രയില്‍ എല്ലാവരും സഹകരിച്ചു. ഉമ്മന്‍ ചാണ്ടിയായിരുന്നു അന്ന് കേരളത്തില്‍ മുഖ്യമന്ത്രി. അദ്ദേഹം കുറച്ച് ദൂരം ഞങ്ങള്‍ക്കൊപ്പം നടന്നു. വളരെ നല്ല മനുഷ്യനാണ്. എനിക്ക് വലിയ ബഹുമാനവും സ്്‌നേഹവുമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ എമ്മിന് യോഗ സെന്റര്‍ ആരംഭിക്കാന്‍ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസമാണ് നാലേക്കര്‍ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായത്. ഇതിന് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് ആര്‍.എസ്.എസുമായി സര്‍ക്കാരിന് നീക്കുപോക്ക് ഉണ്ടെന്നും ഇതിന്റെ ഭാഗമായിട്ടാണ് മധ്യസ്ഥനായ ശ്രീ എമ്മിന് ഇത്തരത്തില്‍ ഭൂമി നല്‍കിയതെന്നും ആരോപണം ഉയരുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക