ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം ഫെബ്രുവരി 15ന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക.
ഈ മത്സരം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ടീമിന് കടുത്ത നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യറിന് ബാക്കിയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും കളിക്കാന്‍ സാധിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഠിനമായ നടുവേദനയും ഞരമ്പ് വേദനയും ഉണ്ടെന്നാണ് അയ്യര്‍ ടീമിനോട് പരാതിപ്പെട്ടുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശ്രേയസ് അയ്യറിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി കൂടുതല്‍ ടെസ്റ്റുകള്‍ക്കായി ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മത്സരത്തില്‍ 30ലധികം പന്തുകള്‍ കളിച്ചതിന് ശേഷം തന്റെ പുറം കഠിനമായി വേദനിക്കുന്നുണ്ടെന്നും ഫോര്‍വേഡ് ഡിഫന്‍സ് കളിക്കുമ്പോള്‍ അമിതമായ നടുവേദന അനുഭവപ്പെടുന്നുണ്ടെന്നും ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെയും മെഡിക്കല്‍ സ്റ്റാഫിനേയും അറിയിച്ചുവെന്നാണ് ഏറ്റവും അടുത്ത ഉറവിടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റു പുറത്തായ കെ.എൽ രാഹുലും രവീന്ദ്ര ജഡേജയും മൂന്നാം ടെസ്റ്റില്‍ തിരിച്ചുവരുമെന്ന വാര്‍ത്തകള്‍ നിലനില്‍ക്കുന്നുണ്ട്. ആദ്യ രണ്ട് മത്സരങ്ങളില്‍ വ്യക്തിപരമായി ടീമില്‍ നിന്നും വിട്ടുനിന്ന ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ടീമിനൊപ്പം ഉണ്ടാകുമോ എന്നതും ഒരു സംശയമായി നിലനില്‍ക്കുന്നുണ്ട്.
അതേസമയം ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് സമനിലയിലാണ് ഇപ്പോള്‍. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Content Highlight: Shreyas iyer ruled out Indian squad due to injry,