ചരിത്രം കുറിച്ച് ശ്രേയസ് അയ്യര്‍; അഞ്ച് കപ്പ് പൊക്കിയ രോഹിത്തിന്റെ റെക്കോഡിനൊപ്പം കൊല്‍ക്കത്ത നായകനും
Cricket
ചരിത്രം കുറിച്ച് ശ്രേയസ് അയ്യര്‍; അഞ്ച് കപ്പ് പൊക്കിയ രോഹിത്തിന്റെ റെക്കോഡിനൊപ്പം കൊല്‍ക്കത്ത നായകനും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th May 2024, 8:52 am

2024 ഐ.പി.എല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്കാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് ആര്‍മി 18.3 ഓവറില്‍ 113 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

കിരീട നേട്ടത്തിനൊപ്പം ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യറിന് സാധിച്ചു. ഐ.പി.എല്ലില്‍ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് നേടിയതിന് ശേഷം ക്യാപ്റ്റന്‍ എന്ന നിലയില്‍ കിരീടം നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് ശ്രേയസിന് സാധിച്ചത്.

2015 സീസണില്‍ ആണ് ശ്രേയസ് അയ്യര്‍ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് സ്വന്തമാക്കിയത്. സീസണില്‍ ദല്‍ഹിക്കായി 14 മത്സരങ്ങളില്‍ നിന്നും 439 റണ്‍സാണ് ശ്രേയസ് അടിച്ചെടുത്തത്. നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാപ്റ്റന്‍ എന്ന നിലയിലും താരം ഐ.പി.എല്‍ കിരീടം നേടി.

ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. 2009ല്‍ ഡക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടി കളിക്കുന്ന സമയത്തായിരുന്നു രോഹിത് എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് നേടിയത്.

പിന്നീട് മുംബൈ ഇന്ത്യന്‍സ്‌നൊപ്പം ക്യാപ്റ്റന്‍ എന്ന നിലയില്‍ അഞ്ച് കിരീടങ്ങളാണ് രോഹിത് നേടികൊടുത്തത്. 2013, 2015, 2017, 2019, 2020 എന്നീ സീസണുകളില്‍ ആയിരുന്നു രോഹിത്തിന്റെ കീഴില്‍ മുംബൈ കിരീടം സ്വന്തമാക്കിയത്.

Content Highlight: Shreyas Iyyer create a new History after KKR Won IPL 2024