| Monday, 10th October 2022, 1:31 pm

ഒറ്റ ഇന്നിങ്‌സ്, മറികടന്നത് സൂര്യകുമാറിനെയും വിരാടിനെയും രോഹിത്തിനെയും ഒരുമിച്ച്; ശ്രേയസ് അയ്യര്‍ ന്നാ സുമ്മാവാ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയില്‍ തന്റെ രണ്ടാം ഏകദിന സെഞ്ച്വറിയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കുറിച്ചത്. 111 പന്തില്‍ നിന്നും പുറത്താവാതെ 113 റണ്‍സാണ് അയ്യര്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സ്വന്തമാക്കിയത്.

ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും സഞ്ജു സാംസണും അറിഞ്ഞു കളിച്ചപ്പോള്‍ പരമ്പര പിടിക്കാനെത്തിയ സൗത്ത് ആഫ്രിക്ക ടീമിന് റാഞ്ചിയില്‍ ഇന്ത്യക്ക് മുമ്പില്‍ മുട്ടുമടക്കേണ്ടി വന്നു.

ഏഴ് വിക്കറ്റും 25 പന്തും ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയില്‍ 1-1ന് മുമ്പിലെത്താനും ഇന്ത്യക്കായി.

കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്ക് പിന്നാലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ശ്രേയസ് അയ്യരെ തേടിയെത്തിയിരുന്നു. 2022ല്‍ മാത്രം താരം നേടുന്ന അഞ്ചാമത് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമാണിത്.

ഇതോടെ 2022ല്‍ ഏറ്റവുമധികം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരമായിരിക്കുകയാണ് ശ്രേയസ് അയ്യര്‍.

ടി-20 സെന്‍സേഷനായ സൂര്യകുമാര്‍ യാദവിനെയും സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയുമടക്കം മറികടന്നുകൊണ്ടാണ് ശ്രേയസ് അയ്യര്‍ മാന്‍ ഓഫ് ദി മാച്ചിന്റെ എണ്ണത്തില്‍ മുമ്പിലെത്തിയത്.

രണ്ടാമതുള്ള സൂര്യകുമാറിന് നാല് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമാണ് ലഭിച്ചിട്ടുള്ളത്. വിരാടിനും രോഹിത്തിനും ഈ വര്‍ഷം ഒറ്റ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ലഭിച്ചിട്ടില്ല.

2022ല്‍ ഏറ്റവുമധികം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരങ്ങള്‍

1. ശ്രേയസ് അയ്യര്‍ – 5

2. സൂര്യകുമാര്‍ യാദവ് – 4

3. യൂസ്വേന്ദ്ര ചഹല്‍ – 3

പരമ്പരയിലെ ആദ്യ മത്സരത്തിലും ശ്രേയസ് അയ്യര്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. അര്‍ധ സെഞ്ച്വറി തികച്ചുകൊണ്ടായിരുന്നു താരം പുറത്തായത്.

ചൊവ്വാഴ്ച നടക്കുന്ന സീരീസ് ഡിസൈഡര്‍ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത് മറ്റൊരു മാന്‍ ഓഫ് ദി മാച്ച് തന്നെയായിരിക്കും താരം ലക്ഷ്യം വെക്കുന്നത്.

Content Highlight: Shreyas Iyer won most Man of The Match award among Indian players in 2022

We use cookies to give you the best possible experience. Learn more