ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍. 2025 മാര്‍ച്ചിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് അയ്യര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ന്യൂസിലാന്‍ഡ് താരം ജേക്കബ് ഡഫി, രചിന്‍ രവീന്ദ്ര എന്നിവരെ മറികടന്നാണ് അയ്യര്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യയ്ക്ക് വേണ്ടി മാര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ശ്രേയസ് അയ്യര്‍. മാത്രമല്ല 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക സംഭാവന നല്‍കിയ താരമാണ് അയ്യര്‍. ഫെബ്രുവരിയില്‍ ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടിയത് സ്റ്റാര്‍ ബാറ്റര്‍ ശുഭ്മന്‍ ഗില്ലാണ്. ഇതോടെ ഐ.സി.സിയുടെ അവാര്‍ഡില്‍ ഡോമിനേഷന്‍ തുടരാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.
‘മാര്‍ച്ചിലെ ഐ.സി.സി പുരുഷ പ്ലെയര്‍ ഓഫ് ദി മന്ത് ആയി തെരഞ്ഞെടുക്കപ്പെട്ടതില്‍ എനിക്ക് വലിയ സന്തോഷം തോന്നുന്നു, വലിയ ബഹുമതിയാണിത്. പ്രത്യേകിച്ച് നമ്മള്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തിയ ഒരു മാസത്തില്‍ ഞാന്‍ ഈ അംഗീകാരം നേടിയത് എപ്പോഴും ഓര്‍ത്തുവെക്കാന്‍ ഇഷ്ടപ്പെടുന്നു.
ഇത്രയും വലിയൊരു വേദിയില്‍ ഇന്ത്യയുടെ വിജയത്തിന് സംഭാവന നല്‍കാന്‍ കഴിയുക എന്നത് ഏതൊരു ക്രിക്കറ്റ് കളിക്കാരന്റെയും സ്വപ്നമാണ്. എന്റെ സഹതാരങ്ങളുടെയും പരിശീലകരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും പിന്തുണയ്ക്കും വിശ്വാസത്തിനും ഞാന്‍ നന്ദിയുള്ളവനാണ്,’ അയ്യര്‍ പറഞ്ഞു.
നിലവില്‍ ഐ.പി.എല്ലില്‍ മികച്ച ഫോമിലാണ് പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 97* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ 250 റണ്‍സാണ് താരം നേടിയത്. 83.33 എന്ന ആവറേജിലും 208.33 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്‍സ് സ്‌കോര്‍ ചെയ്തത്. പോയിന്റ് പട്ടികയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ ആറാം സ്ഥാനത്താണ് പഞ്ചാബ്.
Content Highlight: Shreyas Iyer Won ICC Men’s Player of the Month award for March 2025