ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. പുറം ഭാഗത്തേറ്റ പരിക്കാണ് അയ്യരിനെ രണ്ടാം ടെസ്റ്റില്‍ നിന്നും പുറകോട്ട് വലിച്ചിരിക്കുന്നതെന്നും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ശ്രേയസ് അയ്യര്‍ നിലവിലുള്ളതെന്നുമായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ദല്‍ഹി വേദിയാകുന്ന രണ്ടാം ടെസ്റ്റിനായി മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ താരം പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്തെന്നും ഫിറ്റ്നസ് പരീക്ഷ വിജയിച്ചെന്നും ബി.സി.സി.ഐ അറിയിക്കുകയായിരുന്നു.
നേരത്തെ ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരക്കിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. അതേസമയം സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ ആരോഗ്യനിലയും ഇന്ത്യക്ക് തിരിച്ചടിയാകുന്നുണ്ട്. പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന ബുംറ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയിലെ മൂന്ന്, നാല് ടെസ്റ്റുകളില്‍ മടങ്ങിയെത്തിയേക്കുമെന്നായിരുന്നു അറിയിച്ചത്.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബുംറയുടെ കാര്യത്തില്‍ ധൃതി പിടിച്ച് ഒരു തീരുമാനമെടുക്കേണ്ട എന്ന നിലപാടായിരുന്നു ബി.സി.സി.ഐ സ്വീകരിച്ചത്. ഈ വര്‍ഷം ഐ.സി.സി ലോകകപ്പ് നടക്കുന്നതിനാല്‍ ബുംറയുടെ കാര്യത്തില്‍ റിസ്‌ക്കെടുക്കാന്‍ സാധിക്കില്ലെന്നും തിരക്കുപിടിച്ച് ഒന്നും ചെയ്യാന്‍ ഇപ്പോള്‍ പ്ലാനില്ലെന്നുമാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിക്കുന്നത്.
മാര്‍ച്ച് 17ന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ ബുംറ ടീമിനൊപ്പമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുംറ ഏകദിന പരമ്പരയും കളിക്കാന്‍ സാധ്യതയില്ല. മൂന്ന് ഏകദിനമാണ് ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലുള്ളത്.
ദല്‍ഹിയില്‍ 17ാം തീയതിയാണ് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യ വമ്പന്‍ മാര്‍ജിനില്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇന്നിങ്സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അപരാജിത സെഞ്ച്വറിയും അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവുമാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത്.
ആദ്യ ടെസ്റ്റ് വിജയിച്ചതിന്റെ അതേ ആത്മവിശ്വാസത്തില്‍ തന്നെയാകും ദല്‍ഹിയില്‍ വെച്ച് നടക്കുന്ന രണ്ടാം ടെസ്റ്റിന് രോഹിത് ശര്‍മയും സംഘവും ഇറങ്ങുക.
Content Highlights: Shreyas Iyer will join with team India