| Sunday, 27th February 2022, 11:25 pm

താരമായി ശ്രേയസ് അയ്യര്‍; ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ധരംശാല: ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം നേടിയത്. ശ്രേയസ് 45 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 73 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

12 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെ സഹായത്തോടെ 18 റണ്‍സെടുത്താണ് മലയാളി താരം സഞ്ജു പുറത്തായത്. ഇന്ത്യയ്ക്കായി ആവേശ് ഖാന്‍ 4 ഓവറില്‍ 23 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് 4 ഓവറില്‍ 22 റണ്‍സ് വഴങ്ങിയും ഹര്‍ഷല്‍ പട്ടേല്‍ 4 ഓവറില്‍ 29 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയ് 4 ഓവറില്‍ 32 റണ്‍സ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ, ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചെഹല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചിരുന്നു.

വിജയത്തോടെ രോഹിതിനുകീഴില്‍ ഇന്ത്യ തുടര്‍ച്ചയായ 12-ാം ട്വന്റി 20 മത്സരത്തിലും വിജയിച്ച് റെക്കോഡ് നേടി. തുടര്‍ച്ചയായി 12 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങള്‍ വിജയിക്കുന്ന രണ്ടാമത്തെ മാത്രം ടീമാണ് ഇന്ത്യ.

നേരത്തേ അഫ്ഗാനിസ്താന്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത ട്വന്റി 20 യില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ഈ റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാകും. ഈ വിജയത്തോടെ ഇന്ത്യ രോഹിതിന് കീഴില്‍ തുടര്‍ച്ചയായി മൂന്ന് ട്വന്റി 20 പരമ്പരകള്‍ തൂത്തുവാരുകയും ചെയ്തു.

CONTENT HIGHLIGHTS:  Shreyas Iyer to star; India sweep Twenty20 series against Sri Lanka

We use cookies to give you the best possible experience. Learn more