| Thursday, 19th December 2024, 11:15 am

അവനെ നിര്‍ബന്ധിക്കാന്‍ കഴിയില്ല, ചെറിയ കുട്ടിയൊന്നുമല്ലല്ലോ; സൂപ്പര്‍ താരത്തെക്കുറിച്ച് ശ്രേയസ് അയ്യര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്തിടെ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനല്‍ മത്സരത്തില്‍ മധ്യപ്രദേശിനെ പരാജയപ്പെടുത്തി മുംബൈ ചാമ്പ്യന്‍മാരായിരുന്നു. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് മുംബൈ വിജയിച്ചുകയറിയത്.

മധ്യപ്രദേശ് ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം 13 പന്ത് ബാക്കി നില്‍ക്കെ മുംബൈ മറികടക്കുകയായിരുന്നു. ഇതോടെ തങ്ങളുടെ രണ്ടാം ആഭ്യന്തര ടി-20 കിരീടമാണ് മുംബൈ സ്വന്തമാക്കിയത്. 2022/23 സീസണില്‍ ഹിമാചല്‍ പ്രദേശിനെ പരാജയപ്പെടുത്തിയാണ് മുംബൈ തങ്ങളുടെ ആദ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫി സ്വന്തമാക്കിയത്.

മത്സരത്തില്‍ മുംബൈ ഓപ്പണര്‍ പൃഥ്വി ഷാ വെറും 10 റണ്‍സിനാണ് പുറത്തായത്. സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച താരത്തെ ടീം പുറത്താക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങലായി മോശം ഫിറ്റ്‌നസിന്റെ പേരിലും പ്രകടനത്തിന്റെ കാര്യത്തിലും പൃഥ്വി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

ഇപ്പോള്‍ മുബൈ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പൃഥ്വിയെക്കുറിച്ച സംസാരിക്കുകയാണ്. മികച്ച താരമാണ് പൃഥ്വിയെന്നും എന്നാല്‍ മികവ് പുലര്‍ത്താന്‍ നന്നായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അയ്യര്‍ പറഞ്ഞു.

‘വ്യക്തിപരമായി പറഞ്ഞാല്‍ അവന്‍ ഒരു ഗോഡ് ഗിഫ്റ്റഡ് കളിക്കാരനാണെന്ന് ഞാന്‍ കരുതുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ അവന്‍ കൈവശം വെച്ചിരിക്കുന്ന കഴിവിന്റെ അളവ് മറ്റാര്‍ക്കുമില്ല. അവന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. പക്ഷെ അവനെ നിര്‍ബന്ധിക്കാന്‍ കഴിയില്ല, ഞങ്ങള്‍ക്ക് ആരെയും ബേബിസിറ്റ് ചെയ്യാന്‍ കഴിയില്ല,’ ശ്രേയസ് അയ്യര്‍ പറഞ്ഞു.

Content Highlight: Shreyas Iyer Talking About Prithvi Shaw

We use cookies to give you the best possible experience. Learn more