|

പാകിസ്ഥാനെതിരെ കുറച്ചുകൂടി നേരത്തെ ജയിക്കാന്‍ കഴിയുമായിരുന്നു: തുറന്ന് പറഞ്ഞ് ശ്രേയസ് അയ്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ വമ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് പുറത്തായി. 242 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 45 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

മോശം ഫോമില്‍ നിന്ന് തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി തന്റെ കരുത്ത് കാണിച്ചത്. വണ്‍ ഡൗണായെത്തിയ വിരാട് കോഹ്‌ലി ക്രീസില്‍ ഉറച്ച് നിന്നുകൊണ്ടാണ് തന്റെ 51ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

മത്സരത്തില്‍ വിരാടിന് പുറമെ അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരിന്റെ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 67 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 56 റണ്‍സാണ് അയ്യര്‍ നേടിയത്. മത്സരത്തിന് ശേഷം ഇന്ത്യയയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രേയസ് അയ്യര്‍.

പാകിസ്ഥാനെതിരെ നേരത്തെ വിജയിക്കാന്‍ സാധിക്കുമായിരുന്നെന്നാണ് അയ്യര്‍ പറഞ്ഞത്. കുറച്ച് കൂടി അഗ്രസീവായി കളിച്ചിരുന്നെങ്കില്‍ പ്രതീക്ഷിച്ചതിലും നേരത്തെ ഇന്ത്യ വിജയിക്കുമെന്നാണ് താരം പറഞ്ഞത്.

‘ഞങ്ങള്‍ക്ക് കുറച്ചുകൂടി നേരത്തെ ജയിക്കാന്‍ കഴിയുമായിരുന്നു. ഇതൊരു കണ്‍വിന്‍സിങ് വിജയമാകുമായിരുന്നു. ന്യൂ ബോളില്‍ പന്തില്‍ തുടക്കത്തില്‍ പാകിസ്ഥാന്‍ നന്നായി പന്തെറിഞ്ഞു, അതിനുശേഷം, പന്ത് അല്‍പ്പം പഴയതായപ്പോള്‍ റണ്‍സ് നേടാന്‍ ബുദ്ധിമുട്ടായിരുന്നു, പക്ഷേ കൂടുതല്‍ ആക്രമണാത്മകമായി കളിച്ചിരുന്നെങ്കില്‍, ഞങ്ങള്‍ക്ക് കുറച്ചുകൂടി നേരത്തെ ജയിക്കാന്‍ കഴിയുമായിരുന്നു,’ മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ അയ്യര്‍ പറഞ്ഞു.

നിലവില്‍ ടൂര്‍ണമെന്റിലെ രണ്ട് മത്സരങ്ങളിലും വജയം സ്വന്തമാക്കിയ ഇന്ത്യ നാല് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്താണ്. രണ്ട് പോയിന്റ് നേടി രണ്ടാം സ്ഥാനത്ത് ന്യൂസിലാന്‍ഡുമാണ് ഉള്ളത്. ഇന്ന് (തിങ്കള്‍) നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലാന്‍ഡ് വിജയിച്ചാല്‍ സെമി ഫൈനലില്‍ എത്താന്‍ ന്യൂസിലാന്‍ഡിന് സാധിക്കും. മാത്രമല്ല പോയിന്റ് ഒന്നും നേടാന്‍ സാധിക്കാത്ത പാകിസ്ഥാനും ബംഗ്ലാദേശും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും.

Content Highlight: Shreyas Iyer Talking About Indian Cricket Team