| Thursday, 16th November 2023, 5:40 pm

ലോകകപ്പിലെ മിഡില്‍ ഓര്‍ഡറിന്റെ രാജകുമാരന്‍; 16 വര്‍ഷത്തെ റെക്കോഡ് ഇനി അയ്യരിന്റെ പേരില്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 70 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിന് യോഗ്യത നേടിയിരുന്നു. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ 327 റണ്‍സിന് പുറത്താവുകയായിരുന്നു.

വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ പടുകൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. വിരാട് 113 പന്തില്‍ 117 റണ്‍സടിച്ചപ്പോള്‍ 70 പന്തില്‍ 105 റണ്‍സാണ് അയ്യര്‍ നേടിയത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് ശ്രേയസ് അയ്യരിനെ തേടിയെത്തിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ നാലാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സടിക്കുന്ന താരം എന്ന റെക്കോഡാണ് അയ്യര്‍ സ്വന്തമാക്കിയത്.

ലോകകപ്പില്‍ ഇതുവരെ കളിച്ച പത്ത് മത്സരത്തില്‍ നിന്നും 526 റണ്‍സാണ് അയ്യര്‍ നേടിയത്. 75.14 എന്ന ശരാശരിയിലും 113.11 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് അയ്യര്‍ റണ്‍സടിച്ചുകൂട്ടിയത്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് അയ്യരിന്റെ ഇന്നിങ്‌സിലുള്ളത്.

2007 ലോകകപ്പില്‍ കിവീസ് സൂപ്പര്‍ താരം സ്‌കോട് സ്‌റ്റൈറിസ് നേടിയ 499 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ അയ്യര്‍ തന്റെ പേരിലാക്കിയത്.

2007 ലോകകപ്പിലെ പത്ത് മത്സരത്തിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 83.16 എന്ന ശരാശരിയിലും 83.44 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് സ്റ്റൈറിസ് 499 റണ്‍സ് നേടിയത്.

ഒരു സെഞ്ച്വറിയും നാല് സെഞ്ച്വറിയുമാണ് സ്റ്റൈറിസിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 2007 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ നാലാമത് താരവും സ്‌കോട് സ്‌റ്റൈറിസ് തന്നെയായിരുന്നു.

ഇതിന് പുറമെ മറ്റൊരു റെക്കോഡും അയ്യര്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. ഒരു ലോകകപ്പില്‍ നാലാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരവും ഏക താരവും എന്ന റെക്കോഡാണ് ശ്രേയസ് സന്തോഷ് അയ്യര്‍ തന്റെ പേരിലാക്കിയത്.

2023 ലോകകപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ആറാമത് താരവും മൂന്നാമത് ഇന്ത്യന്‍ താരവുമാണ് അയ്യര്‍.

ന്യൂസിലാന്‍ഡിനെ തോല്‍പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചതോടെ തന്റെ റണ്‍ നേട്ടം വര്‍ധിപ്പിക്കാനും ശ്രേയസ് അയ്യരിന് സാധിക്കും. നവംബര്‍ 19നാണ് 2023 ലോകകപ്പിന്റെ ഫൈനല്‍. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം സെമിയിലെ വിജയികള്‍ ഇന്ത്യയുമായി ഏറ്റുമുട്ടും.

Content highlight: Shreyas Iyer surpassed Scott Styris

Latest Stories

We use cookies to give you the best possible experience. Learn more