ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഒരുപാട് പരീക്ഷണങ്ങളുമായി ഇന്ത്യന്‍ ടീം മുന്നോട്ടുപോകുമ്പോള്‍ ലോകകപ്പിനുള്ള കോമ്പിനേഷനുകള്‍ ഇതുവരെ ശരിയായിട്ടില്ല എന്നുള്ളതാണ് സത്യം.
കഴിഞ്ഞ ദിവസം നായകന്‍ രോഹിത് ശര്‍മയടക്കം ടീമിന്റെ മധ്യ നിരയില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞിരുന്നു. നാലാം നമ്പറില്‍ യുവരാജ് സിങ്ങിന് ശേഷം ആരും ഇന്ത്യന്‍ ടീമില്‍ ശോഭിച്ചിട്ടില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. പരിക്കേല്‍ക്കുന്നതിന് മുമ്പ് വരെ ശ്രേയസ് അയ്യരായിരുന്നു ഇന്ത്യക്കായി നാലാം നമ്പറില്‍ കളിച്ചുകൊണ്ടിരുന്നത്.
അയ്യരിന് പരിക്കേറ്റതിന് ശേഷം സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, എന്നിവരടക്കം ഒരുപാട് പേര്‍ നാലാം നമ്പറില്‍ പരീക്ഷക്കപ്പെട്ടെങ്കിലും ആരും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടില്ല. പരിക്ക് മാറി തിരിച്ചുവരാന്‍ ഒരുങ്ങുന്ന അയ്യരിന് വീണ്ടും നാലാം നമ്പറില്‍ അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഈ വര്‍ഷം മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അയ്യര്‍ അവസാനമായി പ്രൊഫഷണല്‍ ക്രിക്കറ്റ് കളിച്ചത്.
ഇപ്പോഴിതാ താരം ബാറ്റിങ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോയാണ് പുറത്തുവരുന്നത്. അയര്‍ലന്‍ഡിനെതിരെ അടുത്ത ആഴ്ച ആരംഭിക്കുന്ന പരമ്പരയില്‍ താരം തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷകള്‍ എന്നാല്‍ പരിക്ക് പൂര്‍ണമായും ഭേദമാകത്തതിനാല്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
ഏഷ്യാ കപ്പിലും ലോകകപ്പിലും അദ്ദേഹം കളിക്കുമോ എന്നായിരുന്നു ചോദ്യം. എന്നാല്‍ ഈ വീഡിയോ ടീമിനും ആരാധകര്‍ക്ക് ഒരുപാട് പ്രതീക്ഷകളാണ് നല്‍കുന്നത്. ശ്രേയസ് അയ്യര്‍ ഫിറ്റാണെന്ന് കുറച്ചുനാള്‍ മുമ്പ് രോഹിത് ശര്‍മ പറഞ്ഞിരുന്നു.
അയ്യര്‍ ടീമില്‍ തിരിച്ചെത്തുവാണെങ്കില്‍ അത് കാരണം ഏറ്റവും കൂടുതല്‍ പണി കിട്ടുക സഞ്ജു സാംസണായിരിക്കും. നാലാം നമ്പറില്‍ അയ്യരിന്റെ ബാക്കപ്പായിരുന്നു സഞ്ജു. അയ്യര്‍ തിരിച്ചുവന്നാല്‍ താരത്തിന് ബാക്കപ്പായി സൂര്യയും ഉള്‍പ്പെടുത്തും എന്നാല്‍ സഞ്ജുവിന് സാധ്യത കുറവാണ്.
Content Highlight: Shreyas Iyer started Batting Practice