| Monday, 10th October 2022, 9:48 am

ഒറ്റ സിക്‌സര്‍ പോലുമടിക്കാതെ സെഞ്ച്വറിയടിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്, ബട്ട് ഹി കാന്‍; അയ്യരാടാ... കയ്യടിക്കടാ...

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ധോണിയുടെ കളിത്തട്ടകമായ റാഞ്ചിയില്‍ വെച്ച് നടന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചതോടെ പരമ്പരയില്‍ 1-1ന് മുമ്പിലെത്താനും ഇന്ത്യക്കായി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ 278 റണ്‍സ് സ്വന്തമാക്കിയിരുന്നു. റീസ ഹെന്‍ഡ്രിക്‌സിന്റെയും എയ്ഡന്‍ മര്‍ക്രമനിന്റെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് മികച്ച സ്‌കോറിലെത്തിച്ചത്.

ഹെന്‍ഡ്രിക്‌സ് 74ഉം മര്‍ക്രം 79ഉം റണ്‍സ് നേടി. ഹെന്റിച്ച് ക്ലാസ്സനും ഡേവിഡ് മില്ലറും കട്ടക്ക് കൂടെ നിന്നപ്പോള്‍ പ്രോട്ടീസ് സ്‌കോര്‍ ഉയര്‍ന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ അത്ര മികച്ച തുടക്കമല്ല നല്‍കിയത്. ശിഖര്‍ ധവാന്‍ 20 പന്തില്‍ നിന്നും 13 റണ്‍സുമായി പുറത്തായപ്പോള്‍ ശുഭ്മന്‍ ഗില്‍ 26 പന്തില്‍ നിന്നും 28 റണ്‍സ് നേടി റബാദയുടെ പന്തില്‍ റബാദക്ക് തന്നെ ക്യാച്ച് നല്‍കി പുറത്തായി.

വണ്‍ ഡൗണായി ഇറങ്ങിയ ഇഷാന്‍ കിഷനും നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 84 പന്തില്‍ നിന്നും നാല് ബൗണ്ടറിയും ഏഴ് സിക്‌സറുമടക്കം 93 റണ്‍സാണ് ഇഷാന്‍ സ്വന്തമാക്കിയത്.

സെഞ്ച്വറിയിലേക്ക് നീങ്ങിയ ഇഷാനെ ഫോര്‍ട്ടുയിന്റെ പന്തില്‍ ഹെന്‍ഡ്രിക്‌സ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 93 റണ്‍സായിരുന്നു ഇഷാന്‍ കിഷന്‍ നേടിയത്.

ഇഷാന്‍ കിഷന്‍ സിക്‌സറുകള്‍ കൊണ്ട് ആകാശത്ത് വെടിക്കെട്ട് തീര്‍ത്തപ്പോള്‍ ശ്രേയസ് അയ്യര്‍ അതിന് മിനക്കെട്ടിരുന്നില്ല. പകരം ബൗണ്ടറികളടിച്ചാണ് താരം പ്രോട്ടീസ് ബൗളര്‍മാരെ നിരന്തരം പരീക്ഷിച്ചത്.

111 പന്തില്‍ നിന്നും 113 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ ബാറ്റില്‍ നിന്നും 15 ബൗണ്ടറികളാണ് പിറന്നത്. എന്നാല്‍ ഒറ്റ സിക്‌സര്‍ പോലും ശ്രേയസ് അടിച്ചിരുന്നില്ല എന്നതും രസകരമായ ഒരു പ്രത്യേകതയാണ്.

ഇഷാന്‍ പുറത്തായപ്പോള്‍ ക്രീസിലെത്തിയ സഞ്ജുവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 36 പന്തില്‍ നിന്നും ഒന്ന് വീതം ബൗണ്ടറിയും സിക്‌സറുമാണ് സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും സഞ്ജുവും ചേര്‍ന്ന് ഇന്ത്യയെ വിജയിപ്പിച്ചപ്പോള്‍ പരമ്പര നേടാമെന്ന സൗത്ത് ആഫ്രിക്കന്‍ മോഹങ്ങള്‍ക്കും തിരിച്ചടിയായി.

സെപ്റ്റംബര്‍ 11നാണ് സീരീസ് ഡിസൈഡര്‍ മാച്ച്. ദല്‍ഹിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ജയിക്കുന്ന ടീമിന് പരമ്പര നേടാമെന്നിരിക്കെ ഇരുടീമുകളും മികച്ച പോരാട്ടം തന്നെ പുറത്തെടുക്കുമെന്നുറപ്പാണ്.

Content Highlight: Shreyas Iyer scores century without hitting a single sixer

We use cookies to give you the best possible experience. Learn more