സേനയില്‍ ഇനി ബാക്കിയുള്ളത് ഇംഗ്ലണ്ട് മാത്രം; അയ്യരിന്റെ ബാറ്റിന്റെ ചൂടറിയാന്‍ കാത്തിരുന്നോളൂ...
Sports News
സേനയില്‍ ഇനി ബാക്കിയുള്ളത് ഇംഗ്ലണ്ട് മാത്രം; അയ്യരിന്റെ ബാറ്റിന്റെ ചൂടറിയാന്‍ കാത്തിരുന്നോളൂ...
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th September 2023, 11:58 am

കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറി നേടിയാണ് ശ്രേയസ് അയ്യര്‍ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലാണ് അയ്യര്‍ നൂറടിച്ചത്. പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഒറ്റയക്കത്തിന് പുറത്താകേണ്ടി വന്നതിന്റെ നിരാശക്ക് പിന്നാലെയാണ് സെഞ്ച്വറിയുമായി അയ്യര്‍ തിളങ്ങിയത്.

90 പന്തില്‍ നിന്നും 11 ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെയാണ് അയ്യര്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. ഈ തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അയ്യരിന് തന്നെയായിരുന്നു ലഭിച്ചത്.

ഏകദിനത്തിലെ താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണിത്. ഈ മൂന്ന് സെഞ്ച്വറികളെല്ലാം തന്നെ കരുത്തരായ ടീമുകള്‍ക്കെതിരെയാണ് പിറന്നിരിക്കുന്നത് എന്നതാണ് ശ്രേയസിന്റെ ഈ നേട്ടത്തിന് ഇരട്ട മധുരം നല്‍കുന്നത്. സേന രാജ്യങ്ങളിലെ സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെ നേരത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അയ്യര്‍ ഇപ്പോള്‍ ഓസീസിനോടും ആ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ്.

2020ലാണ് ശ്രേയസ് അയ്യര്‍ ഏകദിനത്തില്‍ ആദ്യമായി സെഞ്ച്വറി നേടുന്നത്. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം. ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ 107 പന്തില്‍ നിന്നും 103 റണ്‍സാണ് അയ്യര്‍ നേടിയത്. താരത്തിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് നേടി.

 

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യ മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു. ന്യൂസിലാന്‍ഡിനായി റോസ് ടെയ്‌ലര്‍ സെഞ്ച്വറി തികച്ചതോടെ 11 പന്ത് ബാക്കി നില്‍ക്കെ ആതിഥേയര്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ശേഷം 2022ലാണ് അയ്യര്‍ ഏകദിനത്തില്‍ ട്രിപ്പിള്‍ ഡിജിറ്റ് കണ്ടെത്തുന്നത്. ഒക്ടോബറില്‍ റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരായണ് അയ്യര്‍ സെഞ്ച്വറി നേടിയത്.

111 പന്തില്‍ പുറത്താകാതെ 113 റണ്‍സാണ് അയ്യര്‍ സ്വന്തമാക്കത്. ശ്രേയസ് അയ്യരിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ പ്രോട്ടീസ് ഉയര്‍ത്തിയ 278 റണ്‍സിന്റെ വിജയലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. മത്സരത്തിന്റെ താരമായതും ശ്രേയസ് അയ്യര്‍ തന്നെയായിരുന്നു.

സേന രാജ്യങ്ങളില്‍ ഇനി ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ശ്രേയസ് അയ്യര്‍ക്ക് സെഞ്ച്വറി നേടാനുള്ളത്. മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ അയ്യര്‍ ഈ ലോകകപ്പില്‍ തന്നെ ആ നേട്ടം സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

 

Content Highlight: Shreyas Iyer scored his 3rd century in ODI