മാനേജ്‌മെന്റിന്റെ മികച്ച പിന്തുണ ഉണ്ടായിരുന്നു, ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിന് ഭയമില്ല: ശ്രേയസ് അയ്യര്‍
2023 ICC WORLD CUP
മാനേജ്‌മെന്റിന്റെ മികച്ച പിന്തുണ ഉണ്ടായിരുന്നു, ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിന് ഭയമില്ല: ശ്രേയസ് അയ്യര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th November 2023, 6:29 pm

2023 ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ വമ്പന്‍ വിജയം നേടിയതോടെ ഇന്ത്യ ഫൈനലില്‍ എത്തിയിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 48.5 ഓവറില്‍ 327 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മുഹമ്മദ് ഷമി നേടിയ ഏഴ് വിക്കറ്റിന്റെ ചരിത്രനേട്ടവും വിരാട് കോഹ്‌ലിയുടെ 50ാം സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ വേഗമേറിയ സെഞ്ച്വറിയും ഇന്ത്യല്‍ വിജയത്തെ അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു.

 

ഇന്ത്യയുടെ നിര്‍ണായക വിജയത്തെക്കുറിച്ചും ടീം മാനേജ്‌മെന്റിനെ കുറിച്ചും ശ്രേയസ് അയ്യര്‍ മത്സരത്തിനുശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയുണ്ടായിരുന്നു. രോഹിത് ശര്‍മയുടെ ഭയമില്ലാത്ത ക്യാപ്റ്റന്‍സിയും തങ്ങളുടെ വിജയ രഹസ്യമാണെന്ന് ശ്രേയസ് പറയുന്നു.

‘രോഹിത് ബ്ലൂ പ്രിന്റ് നല്‍കുന്നു, ശേഷം മികച്ച ഇന്നിങ്‌സിന് രോഹിത് തുടക്കമിടുന്നു. അദ്ദേഹം ഉണ്ടാക്കിയെടുക്കുന്ന മികച്ച അടിത്തറ ഞങ്ങള്‍ കെട്ടിപ്പടുക്കേണ്ടതുണ്ട്. അദ്ദേഹം ഭയം ഇല്ലാതെയാണ് നയിക്കുന്നത്. അത് അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ പ്രകടമാണ്. അത് ചുറ്റുമുള്ള കളിക്കാരെയും സ്വാധീനിക്കുന്നു,’അദ്ദേഹം പറഞ്ഞു.

മാനേജ്‌മെന്റിന്റെ പിന്തുണയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അയ്യര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു
‘ഇതു നിര്‍ണായകമാണ് പ്രത്യേകിച്ച് ക്യാപ്റ്റനില്‍ നിന്നും കോച്ചില്‍ നിന്നും ഉണ്ടാവുന്ന സമീപനങ്ങള്‍. ഞാന്‍ ലോകകപ്പ് നന്നായി തുടങ്ങിയില്ലായിരുന്നു. പക്ഷേ ബാഹ്യമായ അഭിപ്രായങ്ങളില്‍ വിഷമിക്കരുതെന്നും നിങ്ങള്‍ക്ക് ഞങ്ങളുടെ പിന്‍ബലം ഉണ്ട്, നിങ്ങളുടെ യഥാര്‍ത്ഥ കഴിവ് കാണിക്കാന്‍ കഴിയും, അവര്‍ എന്നോട് പറഞ്ഞു,’

നെറ്റ് സെക്ഷനുകളില്‍ തീവ്രമായ പരിശീലനത്തെക്കുറിച്ചും അയ്യര്‍ സംസാരിക്കുകയുണ്ടായി.

‘പുതിയ പന്തുമായി ബുംറ പന്തറിയുമ്പോള്‍ എല്ലാം ഞാന്‍ അവനെ നേരിടുമെന്ന് ഉറപ്പാക്കുന്നു ഇത് വെല്ലുവിളി നിറഞ്ഞതാണ് പക്ഷേ യഥാര്‍ത്ഥ മത്സരങ്ങളില്‍ എന്റെ തയ്യാറെടുപ്പിന് എത്രയോ പ്രയോജനവുമാണ്,’ അദ്ദേഹം പറഞ്ഞു.

ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഒരു ടൂര്‍ണമെന്റില്‍ 500 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ മധ്യനിര ബാറ്റര്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇതിനോടകം ശ്രേയസ്. ന്യൂസിലാന്‍ഡിനെതിരായ സെമിയില്‍ വെറും 70 പന്തില്‍ നിന്നാണ് അയ്യര്‍ 105 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചത്. ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായ പങ്കു തന്നെയാണ് ശ്രേയസ് വഹിച്ചത്.

ടൂര്‍ണമെന്റില്‍ 75.14 ശരാശരിയില്‍ 526 റണ്‍സും രണ്ട് സെഞ്ച്വറികളും മൂന്ന് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 113 അധികം സ്‌ട്രൈക്ക് റേറ്റിലാണ് അയ്യര്‍ ഇന്ത്യയുടെ നെടുംതൂണ്‍ ആവുന്നത്. ന്യൂസിലാന്‍ഡിനെതിരെ അയ്യര്‍ നേടിയ സെഞ്ച്വറി ലോകകപ്പിലെ നോക്കൗട്ട് മത്സരത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി ആണ്. 67 പന്തിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഓപ്പണിങ് ഇറങ്ങിയ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 29 പന്തില്‍ നിന്ന് നാല് സിക്‌സറുകളും നാല് ബൗണ്ടറികളുമടക്കം 47 റണ്‍സ് നേടിയ രോഹിത് എതിരാളികളെ മികച്ച രീതിയിലാണ് അക്രമിച്ചത്. 167.7 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് മികച്ച പ്രകടനം കാഴ്ചവെച്ചാണ് പുറത്തായത്. ശുഭമന്‍ ഗില്‍ 80 (66) റണ്‍സും നേടി.

 

Content Highlight: Shreyas Iyer says India’s great support from team management and fearless captaincy are the backbone of India