ക്രിക്കറ്റില്‍ വിക്കറ്റ് നേട്ടത്തിനൊപ്പം തന്നെ ഐക്കോണിക്കാണ് വിക്കറ്റ് നേടിയതിന് ശേഷമുള്ള സെലിബ്രേഷനും. ഇമ്രാന്‍ താഹിറിന്റെ ഓട്ടവും ഷെല്‍ഡന്‍ കോട്രലിന്റെ സല്യൂട്ടും ക്രിക്കറ്റ് ലോകത്തെ മികച്ച സെലിബ്രേഷനുകളാണ്.
വിക്കറ്റ് നേടിയ ശേഷം ഡാന്‍സ് കളിച്ച് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന താരങ്ങളും കുറവല്ല. കരീബിയന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ ഗന്നം സ്‌റ്റൈല്‍ സെലിബ്രേഷന്‍ ഏറെ ആഘോഷിക്കപ്പെട്ടതാണ്.
ഇപ്പോഴിതാ, വിന്‍ഡീസ് മണ്ണില്‍ ഡാന്‍സ് കളിച്ചുള്ള വിക്കറ്റ് നേട്ടമാണ് ചര്‍ച്ചയാവുന്നത്. ഡാന്‍സ് കളിച്ച് വിക്കറ്റ് ആഘോഷിച്ചതാവട്ടെ ഇന്ത്യയുടെ യുവതാരം ശ്രേയസ് അയ്യരും.
സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ഡാന്‍സ് ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.
ഡ്രോപ് ദി ക്യാച്ച് എന്ന് ആര്‍ത്തുവിളിച്ചിരുന്ന വിന്‍ഡീസ് ആരാധകര്‍ക്കിടിയില്‍ നിന്നാണ് ഡീപ് മിഡ് വിക്കറ്റില്‍ നിന്നും അയ്യര്‍ ക്യാച്ചെടുത്തത്. ഇതിന് ശേഷം വിന്‍ഡീസ് ആരാധകരെ നോക്കിയായിരുന്നു താരത്തിന്റെ പ്രകടനം.
അതേസമയം വിന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ ധവാന്റെ കീഴില്‍ മികച്ച ജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 308 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ വിന്‍ഡീസിന് 305 റണ്‍സ് മാത്രമാണ് നേടാനായത്.
99 പന്തില്‍ നിന്നും 97 റണ്‍സുമായി ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ ശുഭ്മന്‍ ഗില്‍ 63 റണ്‍സും അയ്യര്‍ 54 റണ്‍സും നേടിയിരുന്നു. മധ്യനിരയില്‍ സൂര്യകുമാറും സഞ്ജുവും നിരാശപ്പെടുത്തിയപ്പോള്‍ അക്‌സര്‍ പട്ടേലിന്റെയും ദീപ്ക് ഹൂഡയുടെയും ചെറുത്ത് നില്‍പാണ് ഇന്ത്യയ്ക്ക് തുണയായത്.
പിന്നാലെയെത്തിയ ബ്രാന്‍ഡന്‍ കിങ്ങും അടിച്ച് കളിച്ചതോടെ വിന്‍ഡീസ് സ്‌കോര്‍ ഉയര്‍ന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയതോടെ വിന്‍ഡീസ് ഇന്നിങ്സിന്റെ വേഗത കുറയുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
അകീല്‍ ഹൊസൈനും റൊമാരിയോ ഷെപ്പേര്‍ഡും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം വിന്‍ഡീസിനെ ജയിപ്പിച്ചു എന്ന് തോന്നിച്ചെങ്കിലും ജയിക്കാനായില്ല. അവസാനം മൂന്ന് റണ്‍സിന് ഇന്ത്യ മത്സരം സ്വന്തമാക്കി.