| Thursday, 2nd March 2023, 12:30 pm

വീഡിയോ; നൂറ്റാണ്ടിന്റെ ക്യാച്ചൊന്നുമല്ല, പക്ഷേ അത് ഒരൊന്നൊന്നര ക്യാച്ചായിരുന്നു; അയ്യര്‍ യൂ ബ്യൂട്ടി, കണ്ണടച്ചുതുറക്കും മുമ്പേ എല്ലാം കഴിഞ്ഞു

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലെ രണ്ടാം ദിവസം കങ്കാരുക്കള്‍ക്ക് അടിതെറ്റിയിരിക്കുകയാണ്. 156ന് നാല് എന്ന നിലയില്‍ കളിയാരംഭിച്ച ഓസീസ് 197ന് ഓള്‍ ഔട്ടായി.

186ന് നാല് എന്ന നിലയില്‍ നിന്നും കേവലം 11 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ വലിച്ചറിഞ്ഞാണ് ഓസീസ് 197 റണ്‍സ് കൊണ്ട് തൃപ്തിയടയേണ്ടി വന്നത്. അശ്വിനും ഉമേഷ് യാദവും ചേര്‍ന്നാണ് ഓസീസ് വധം പൂര്‍ത്തിയാക്കിയത്.

രണ്ടാം ദിവസം അശ്വിനായിരുന്നു വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. മികച്ച നിലയില്‍ ക്രീസില്‍ തുടര്‍ന്ന പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന്റെ വിക്കറ്റ് വീഴ്ത്തിയാണ് അശ്വിന്‍ കങ്കാരുവധത്തിന് തുടക്കമിട്ടത്.

ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയായിരുന്നു ഹാന്‍ഡ്‌സ്‌കോംബിന്റെ മടക്കം. കണ്ണടച്ചു തുറക്കും മുമ്പായിരുന്നു അയ്യര്‍ ആ ക്യാച്ച് കംപ്ലീറ്റ് ചെയ്തത്. ആക്രോബാക്ടിക് സ്‌കില്ലുകളൊന്നുമില്ലെങ്കിലും താരത്തിന്റെ പ്രെസന്‍സ് ഓഫ് മൈന്‍ഡാണ് ആ ക്യാച്ചിനെ മികച്ചതാക്കിയത്.

ഹാന്‍ഡ്‌സ്‌കോംബിന് പിന്നാലെ ഓരോന്നോരോന്നായി ഓസീസ് വിക്കറ്റുകള്‍ നിലംപൊത്തിക്കൊണ്ടിരുന്നു. ബാക്കിയുണ്ടായിരുന്ന അലക്‌സ് കാരിയെയും നഥാന്‍ ലിയോണിനെയും അശ്വിന്‍ മടക്കിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ടോഡ് മര്‍ഫി, കാമറൂണ്‍ ഗ്രീന്‍ എന്നിവരെ ഉമേഷ് യാദവും മടക്കി.

മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യന്‍ മണ്ണിലെ നൂറാം വിക്കറ്റ് എന്ന നേട്ടവും ഉമേഷ് യാദവിന് സ്വന്തമായി.

രണ്ടാം ദിവസം ലഞ്ചിന് പിരിയും മുമ്പ് ഇന്ത്യക്ക് കാര്യമായ അപകടങ്ങളൊന്നുമില്ലായിരുന്നെങ്കിലും ലഞ്ചിന് ശേഷം നഥാന്‍ ലിയോണ്‍ കനത്ത പ്രഹരമേല്‍പിച്ചു. 15 പന്തില്‍ നിന്നും അഞ്ച് റണ്‍സുമായി ഗില്‍ മടങ്ങി.

നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 16 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.

Content highlight: Shreyas Iyer’s incredible catch to dismiss Peter Handscomb

We use cookies to give you the best possible experience. Learn more