വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരെ പടുകൂറ്റന്‍ ടോട്ടലുമായി മുംബൈ. സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ബി-യില്‍ കര്‍ണാടകയ്‌ക്കെതിരെ നടക്കുന്ന ഗ്രൂപ്പ് സി മത്സരത്തില്‍ 382 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടലാണ് മുംബൈ സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ അപരാജിത സെഞ്ച്വറിയുടെ കരുത്തിലാണ് മുംബൈ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് തുടക്കത്തില്‍ തിരിച്ചിടയേറ്റിരുന്നു. സൂപ്പര്‍ താരം ആംഗ്രിഷ് രഘുവംശിയെ ഒറ്റയത്തിന് നഷ്ടമായി. 17 പന്ത് നേരിട്ട് ആറ് റണ്‍സാണ് രഘുവംശി നേടിയത്.
വണ്‍ ഡൗണായെത്തിയ ഹര്‍ദിക് താമോറെയെ കൂട്ടുപിടിച്ച് ആയുഷ് മാത്രെ സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 141 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
സ്‌കോര്‍ ബോര്‍ഡില്‍ 148 റണ്‍സ് കൂട്ടിച്ചേര്‍ക്കവെ ടീമിന് രണ്ടാം വിക്കറ്റും നഷ്ടമായി. 82 പന്തില്‍ 78 റണ്‍സ് നേടിയ മാത്രെയുടെ വിക്കറ്റാണ് മുംബൈക്ക് രണ്ടാമതായി നഷ്ടമായത്. രണ്ട് സിക്‌സറും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ക്രീസിലെത്തിയത്. കളത്തിലിറങ്ങിയ ഉടന്‍ തന്നെ അയ്യര്‍ നയം വ്യക്തമാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഫീലില്‍ കളം നിറഞ്ഞാടിയ അയ്യരിന്റെ ബാറ്റില്‍ നിന്നും ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറുകള്‍ പറന്നു.
ഇതിനിടെ ഹര്‍ദിക് താമോറെയുടെ വിക്കറ്റും മുംബൈക്ക് നഷ്ടമായി. 94 പന്ത് നേരിട്ട് 84 റണ്‍സാണ് താരം നേടിയത്. 16 പന്തില്‍ 20 റണ്‍സ് നേടിയ സൂര്യകുമാറിന്റെ വിക്കറ്റും മുംബൈക്ക് വൈകാതെ നഷ്ടമായി.
എന്നാല്‍ പിന്നാലെയെത്തിയ ശിവം ദുബെയെ കൂട്ടുപിടിച്ച് അയ്യര്‍ സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയാതെ നോക്കി. ഒരു വശത്ത് നിന്ന് അയ്യരും മറുവശത്ത് നിന്ന് ദുബെയും ടി-20 സ്‌റ്റൈലില്‍ ബാറ്റ് വീശിയതോടെ കര്‍ണാടക സമ്മര്‍ദത്തിലായി.
ഒടുവില്‍ 50ാം ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കിയപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്.
55 പന്തില്‍ പുറത്താകാതെ 114 റണ്‍സാണ് ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. അഞ്ച് ഫോറും അതിന്റെ ഇരട്ടി സിക്‌സറുമടക്കം 207.27 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
36 പന്ത് നേരിട്ട് പുറത്താകാതെ 63 റണ്‍സാണ് ദുബെ നേടിയത്. അഞ്ച് ഫോറും അത്ര തന്നെ സിക്‌സറുമായി 175.00 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
നേരത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി മുംബൈക്ക് നേടിക്കൊടുത്ത അയ്യര്‍ വിജയ് ഹസാരെ ട്രോഫിയും ലക്ഷ്യം വെക്കുകയാണ്. ഐ.പി.എല്‍ ട്രോഫിയും ഈ സീസണില്‍ സ്വന്തമാക്കിയ അയ്യര്‍ ക്യാപ്റ്റന്റെ റോളില്‍ ഹാട്രിക് കിരീടമാണ് ലക്ഷ്യമിടുന്നത്.
കര്‍ണാടയ്ക്കായി പ്രവീണ്‍ ദുബെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ശ്രേയസ് ഗോപാലും വിദ്യാധര്‍ പാട്ടീലും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: Shreyas Iyer’s brilliant batting performance in Vijay Hazare Trophy