ബെംഗളൂരു: ശ്രീലങ്കയ്ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ 252 റണ്‍സിന് പുറത്ത്. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്കും തുടക്കത്തില്‍ ബാറ്റിങ്ങ് തകര്‍ച്ചയാണ്. ആദ്യ ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും 20 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ നിലയിലാണ് ശ്രീലങ്ക.
മുന്‍നിര ബാറ്റര്‍മാരായ കുസാല്‍ മെന്‍ഡിസ്, ദിമുത് കരുണരത്നെ, ലഹിരു തിരിമന്നെ എന്നിവരുടെ വിക്കറ്റുകളാണ് ലങ്കക്ക് നഷ്ടമായത്. ജസ്പ്രീത് ബുംറ രണ്ട് വിക്കറും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.
98 പന്ത് നേരിട്ട് 92 റണ്‍സെടുത്താണ് ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ശ്രേയസ് അയ്യര്‍ പുറത്തായത്. അയ്യറിനെ കൂടാതെ 39 റണ്‍സെടുത്ത റിഷബ് പന്താണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച മറ്റൊരു താരം.
തുടക്കം മുതല്‍ത്തന്നെ സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍നിന്ന് കാര്യമായ സഹായം ലഭിച്ചതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 252ല്‍ ഒതുങ്ങിയത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 59.1 ഓവറാണ് നേരിട്ടത്.
റിഷബ് 26 പന്തിലാണ് 39 റണ്‍സ് അടിച്ചെടുത്തത്. ലങ്കയ്ക്ക് വേണ്ടി പ്രവീണ്‍ ജയവിക്രമയും ലസിത് എംബുള്‍ദന്യേയും മൂന്ന് വിക്കറ്റ് വീഴ്ത്തി. തകര്‍ച്ചയോടെയാണ് ഇന്ത്യ ഇന്നിംഗ്സ് ആരംഭിച്ചത്.
ഹനുമ വിഹാരി(81 പന്തില്‍ 31), വിരാട് കോഹ്‌ലി(48 പന്തില്‍ 23) എന്നിവരും ഇന്ത്യയ്ക്കായി തിരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ(25 പന്തില്‍ 15), ഓപ്പണര്‍ മയാങ്ക് അഗര്‍വാള്‍(ഏഴ് പന്തില്‍ നാല്), കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി രവീന്ദ്ര ജഡേജ(14 പന്തില്‍ നാല്), രവിചന്ദ്രന്‍ അശ്വിന്‍(33 പന്തില്‍ 13), അക്ഷര്‍ പട്ടേല്‍(ഏഴ് പന്തില്‍ ഒന്‍പത്), മുഹമ്മദ് ഷമി(എട്ട് പന്തില്‍ അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി.
Content Highlights: Shreyas Iyer rescues Indian score 252; Sri Lanka batted poorly from the start