വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയും പോണ്ടിച്ചേരിയുമായുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഗുജറാത്ത് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരെഞ്ഞെടുക്കുകയായിരുന്നു.
തുടക്കത്തില്‍ ടോപ് ഓര്‍ഡര്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരായിരുന്നു. വെടിക്കെട്ട് പ്രകടനത്തില്‍ പുറത്താകാതെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് താരം നേടിയത്. 133 പന്തില്‍ 16 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 137 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്.
നിലവില്‍ നാല് ഇന്നിങ്‌സില്‍ നിന്ന് 27 ഫോറും 18 സിക്‌സും ഉള്‍പ്പെടെ 312 റണ്‍സാണ് താരം നേടിയത്. 138 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ മിന്നും പ്രകടനം. നിലവില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിലാണ് അയ്യര്‍. വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനം തുടര്‍ന്നാല്‍ താരം വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം നേടുമെന്നാണ് വിലയിരുത്തല്‍.
2025 ഐ.പി.എല്‍ ലേലത്തില്‍ പഞ്ചാബ് കിങ്സ് 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യരെ സ്വന്തമാക്കിയിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ കളിക്കാരനായിട്ടാണ് താരത്തെ പഞ്ചാബ് നേടിയത്. 2024ലെ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കിരീടം നേടിക്കൊടുത്ത താരത്തെ ടീം നിലനിര്‍ത്തിയില്ലായിരുന്നു.
Content Highlight: Shreyas Iyer Mass Performance In Vijay Hazare Trophy