അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവിനാണ് ശ്രേയസ് അയ്യര്‍ ഒരുങ്ങുന്നത്. സെന്‍ട്രല്‍ കോണ്‍ട്രാക്ടിന് പുറത്തായ താരത്തിന് സ്വയം തിരുത്താനുള്ള അവസരം കൂടിയാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ബുച്ചി ബാബു ട്രോഫിയും ദുലീപ് ട്രോഫിയുമടക്കമുള്ള ആഭ്യന്തര മത്സരങ്ങളില്‍ കളിച്ച് തിരിച്ചുവരാനാണ് അയ്യര്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം ബുച്ചി ബാബു ട്രോഫിയില്‍ മുംബൈക്ക് വേണ്ടി പന്തെറിഞ്ഞാണ് ശ്രേയസ് അയ്യര്‍ ഞെട്ടിച്ചത്. ആഭ്യന്തര തല മത്സരങ്ങളില്‍ അയ്യര്‍ പാര്‍ട്ട് ടൈം ബൗളറാണെങ്കിലും കഴിഞ്ഞ ദിവസം താരത്തിന്റെ ബൗളിങ് ആക്ഷനും ടാക്ടിക്‌സുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
കഴിഞ്ഞ ദിവസം ശ്രീ രാമകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ച മത്സരത്തില്‍ ടി.എന്‍.സി.എ ഇലവനായിരുന്നു മുംബൈയുടെ എതിരാളികള്‍. സൂര്യകുമാര്‍ യാദവ്, സര്‍ഫറാസ് ഖാന്‍ എന്നിവരും മുംബൈ ടീമിന്റെ ഭാഗമാണ്. മൂന്ന് പേരും കളത്തിലിറങ്ങുന്നതില്‍ ആരാധകരും ആവേശത്തിലായിരുന്നു. എന്നാല്‍ ആദ്യ ദിനം ടി.എന്‍.സി.എ ബാറ്റിങ് തുടര്‍ന്നു.
മത്സരത്തിന്റെ ആദ്യ ദിനം അവസാനിപ്പിക്കാന്‍ ശ്രേയസ് അയ്യര്‍ പന്തെടുത്തത് ആരാധകരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ചു. ശ്രേയസ് പന്തെറിയാനെത്തുമെന്ന് ഒരാള്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ അവിടംകൊണ്ടും അവസാനിച്ചില്ല.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ താരവും വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ഓള്‍ റൗണ്ടറുമായ സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ അനുകരിച്ചാണ് അയ്യര്‍ പന്തെറിഞ്ഞത്. ശ്രേയസ് അയ്യരുടെ ബൗളിങ് തന്നെയാണ് ക്രിക്കറ്റ് സര്‍ക്കിളുകളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.
അതേസമയം, ആദ്യ ദിനം അവസാനിക്കുമ്പോള്‍ ടി.എന്‍.സി.എ അഞ്ച് വിക്കറ്റിന് 294 എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പ്രദോഷ് രഞ്ജന്‍ പോള്‍ (87 പന്തില്‍ 65), ബാബ ഇന്ദ്രജിത് (115 പന്തില്‍ 61), ഭൂപതി വൈഷ്ണ കുമാര്‍ (121 പന്തില്‍ പുറത്താകാതെ 63) എന്നിവരുടെ കരുത്തിലാണ് തമിഴ്‌നാട് ആദ്യ ദിനം മികച്ച പ്രകടനം പുറത്തെടുത്തത്. ഭൂപതി വൈഷ്ണ കുമാറിന് പുറമെ 79 പന്തില്‍ 37 റണ്‍സുമായി സോനു യാദവുമാണ് ക്രീസില്‍.