| Thursday, 15th December 2022, 8:34 am

ഭാഗ്യമെന്ന് വിളിച്ചാല്‍ കുറഞ്ഞുപോകും; അമ്പരപ്പില്‍ ബംഗ്ലാദേശ്, ഒന്നും മിണ്ടാതെ ആസ്വദിച്ച് പൂജാരയും അയ്യരും; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ കിതയ്ക്കുകയാണ്. ആദ്യ ദിവസം 90 ഓവറില്‍ 278 റണ്‍സാണ് ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചത്.

ആദ്യ ദിവസം വൈസ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാരയുടെയും ശ്രേയസ് അയ്യരിന്റെയും ചെറുത്തുനില്‍പാണ് ഇന്ത്യക്ക് തുണയായത്. 203 പന്തില്‍ നിന്നും 90 റണ്‍സുമായി പൂജാരയും 169 പന്തില്‍ നിന്നും പുറത്താവാതെ 82 റണ്‍സ് നേടിയ ശ്രേയസ് അയ്യരും ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി.

ഇവര്‍ക്ക് പുറമെ റിഷബ് പന്തും ഇന്ത്യന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയിട്ടുണ്ടായിരുന്നു. 45 പന്തില്‍ നിന്നും 46 റണ്‍സാണ് പന്ത് നേടിയത്.

ഇന്ത്യന്‍ ബാറ്റിങ്ങിനിടെ സംഭവിച്ച രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ പുറത്താവലിന്റെ വക്കില്‍ നിന്നും രക്ഷപ്പെട്ട വീഡിയോ ആണിത്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 84ാം ഓവറിലായിരുന്നു സംഭവം. പേസര്‍ എദാബോത് ഹുസൈന്‍ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് വിക്കറ്റില്‍ കൊള്ളുകയും എ.ഇ.ഡികള്‍ തെളിയുകയും ചെയ്തിരുന്നു. എന്നാല്‍ ബെയ്ല്‍സ് വീണിരുന്നില്ല.

വിക്കറ്റ് വീഴാത്തത് ബംഗ്ലാദേശ് ടീമിന് ഏറെ അമ്പരപ്പുണ്ടാക്കിയിരുന്നു. അവര്‍ അമ്പയറിനൊപ്പം ചെന്ന് വിക്കറ്റ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മാറിയിരുന്ന് പുഞ്ചിരിയോടെ നോക്കുക മാത്രമാണ് ചേതേശ്വര്‍ പൂജാരയും ശ്രേയസ് അയ്യരും ചെയ്തത്.

ടീം സ്‌കോര്‍ 260ലും ശ്രേയസ് അയ്യരിന്റെ വ്യക്തിഗത സ്‌കോര്‍ 78ലും നില്‍ക്കവെയാണ് സംഭവമുണ്ടായത്.

ഏകദിന പരമ്പരയില്‍ 2-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ തങ്ങളുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്കിറങ്ങിയിരിക്കുന്നത്.

ഏകദിന പരമ്പരയില്‍ തോറ്റതിനാല്‍ തന്നെ ഇന്ത്യയെ സംബന്ധിച്ച് ടെസ്റ്റ് പരമ്പര ജയിക്കേണ്ടത് അഭിമാനത്തിന്റെ പ്രശ്നമാണ്. ഇതിന് പുറമെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങളില്‍ ഒന്നുപോലും തോല്‍ക്കാതെ ജയിക്കുകയും ചെയ്യണം.

ഇന്ത്യ ഇലവന്‍:

കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, റിഷബ് പന്ത്, ശ്രേയസ് അയ്യര്‍, അര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശ് ഇലവന്‍:

സാകില്‍ ഹസന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, യാസിര്‍ അലി, മുഷ്ഫിഖര്‍ റഹീം, ഷാകിബ് അല്‍ ഹസന്‍, ലിട്ടണ്‍ ദാസ്, മെഹ്ദി ഹസന്‍, തൈജുല്‍ ഇസ്‌ലാം, ഖലേദ് അഹ്മദ്, എദാബോത് ഹുസൈന്‍

Content Highlight: Shreyas Iyer got life during India vs Bangladesh 1st test

We use cookies to give you the best possible experience. Learn more