കഴിഞ്ഞ ദിവസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനല്‍ മത്സരത്തില്‍ മധ്യപ്രദേശിനെ പരാജയപ്പെടുത്തി മുംബൈ ചാമ്പ്യന്‍മാരായിരുന്നു. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് മുംബൈ വിജയിച്ചുകയറിയത്. മധ്യപ്രദേശ് ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം 13 പന്ത് ബാക്കി നില്‍ക്കെ മുംബൈ മറികടക്കുകയായിരുന്നു.
ഇതോടെ തങ്ങളുടെ രണ്ടാം ആഭ്യന്തര ടി-20 കിരീടമാണ് മുംബൈ സ്വന്തമാക്കിയത്. 2022/23 സീസണില്‍ ഹിമാചല്‍ പ്രദേശിനെ പരാജയപ്പെടുത്തിയാണ് മുംബൈ തങ്ങളുടെ ആദ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫി സ്വന്തമാക്കിയത്.
ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനും മുംബൈയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകവുമായ അജിന്‍ക്യ രഹാനെക്ക് കീഴിലാണ് മുംബൈ ആദ്യ കിരീടം സ്വന്തമാക്കുന്നത്.
എന്നാല്‍ അന്ന് രഹാനെക്ക് സ്വന്തമാക്കാന്‍ സാധിക്കാത്ത, രഹാനെക്ക് മാത്രമല്ല, മറ്റൊരു ക്യാപ്റ്റനും സ്വന്തമാക്കാന്‍ സാധിക്കാത്ത ചരിത്ര നേട്ടമാണ് അയ്യര്‍ സ്വന്തമാക്കിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയും ഐ.പി.എല്‍ കിരീടവും സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് ശ്രേയസ് അയ്യര്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
ഇത്തവണ ഐ.പി.എല്ലിന്റെ കലാശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജപ്പെടുത്തിയാണ് ശ്രേയസ് അയ്യരിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടമുയര്‍ത്തിയത്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കെ.കെ.ആര്‍ വിജയിച്ചുകയറിയത്.
ടൂര്‍ണമെന്റില്‍ എതിരാളികളുടെ പേടിസ്വപ്‌നമായ ട്രവിഷേക് സഖ്യവും വെടിക്കെട്ട് വീരന്‍ ഹെന്‌റിക് ക്ലാസനും അടങ്ങുന്ന ഓറഞ്ച് ആര്‍മിയെ റസലിന്റെയും സ്റ്റാര്‍ക്കിന്റെയും കരുത്തില്‍ വെറും 113 റണ്‍സിന് കൊല്‍ക്കത്ത പുറത്താക്കി. 24 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സായിരുന്നു സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത വെങ്കിടേഷ് അയ്യരിന്റെ അര്‍ധ സെഞ്ച്വറിയുടെയും റഹ്‌മാനുള്ള ഗുര്‍ബാസിന്റെ ഇന്നിങ്‌സിന്റെയും കരുത്തില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തോട് പരാജയപ്പെട്ടതൊഴിച്ചാല്‍ ടൂര്‍ണമെന്റില്‍ അപരാജിതരായാണ് മുംബൈ കിരീടത്തില്‍ മുത്തമിട്ടത്. കലാശപ്പോരാട്ടത്തില്‍ മധ്യപ്രദേശിന് ഒരു തരത്തിലുമുള്ള മേല്‍ക്കൈയും നേടാന്‍ അനുവദിക്കാതെ അയ്യരിന്റെ പടയാളികള്‍ കപ്പുയര്‍ത്തി.
മത്സരത്തില്‍ ടോസ് നേടിയ അയ്യര്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രജത് പാടിദാറിന്റെ വെടിക്കെട്ടില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മധ്യപ്രദേശ് 174 റണ്‍സ് നേടി. 40 പന്തില്‍ പുറത്താകാതെ 81 റണ്‍സാണ് പാടിദാര്‍ നേടിയത്.
175 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ സൂര്യകുമാര്‍ യാദവ് (35 പന്തില്‍ 48), അജിന്‍ക്യ രാഹനെ (30 പന്തില്‍ 37), സൂര്യാന്‍ഷ് ഷെഡ്‌ഗെ (15 പന്തില്‍ പുറത്താകാതെ 36) എന്നിവരുടെ ബാറ്റിങ് കരുത്തില്‍ 13 പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Shreyas Iyer becomes the first captain to win both IPL and Syed Mushtaq Ali Trophy