കഴിഞ്ഞ ദിവസമാണ് പഞ്ചാബ് കിങ്‌സ് ഐ.പി.എല്‍ 2025നുള്ള തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. റെക്കോഡ് തുകയ്ക്ക് ടീമിലെത്തിച്ച സൂപ്പര്‍ താരം ശ്രേയസ് അയ്യരിനെയാണ് പഞ്ചാബ് കിങ്‌സ് പുതിയ സീസണില്‍ ക്യാപ്റ്റന്റെ കുപ്പായമേല്‍പ്പിച്ചിരിക്കുന്നത്.
തന്റെ ഐ.പി.എല്‍ കരിയറില്‍ ഇത് മൂന്നാം ടീമിനെയാണ് ശ്രേയസ് അയ്യര്‍ നയിക്കുന്നത്. രണ്ട് വിവിധ ടീമുകളെ ഐ.പി.എല്ലിന്റെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റന്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ അയ്യരിനെ സംബന്ധിച്ച് പുതിയ വെല്ലുവിളികളാണ് മൊഹാലി സ്റ്റേഡിയത്തില്‍ കാത്തിരിക്കുന്നത്.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടമണിയിച്ച ക്യാപ്റ്റന്‍ എന്ന നിലയില്‍ ആരാധകര്‍ അയ്യരില്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്.
പഞ്ചാബ് കിങ്‌സിന്റെ പുതിയ ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ ചുമതലയേറ്റതോടെ തങ്ങള്‍ കയ്യടക്കിവെച്ച ‘റെക്കോഡ്’ ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കാനും പഞ്ചാബിനായി. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ക്യാപ്റ്റന്‍മാര്‍ നയിച്ച ടീം എന്ന നേട്ടമാണ് പഞ്ചാബ് കിങ്‌സ് വീണ്ടും സ്വന്തമാക്കിയിരിക്കുന്നത്.
ഐ.പി.എല്‍ അതിന്റെ 18ാം സീസണിലേക്ക് കടക്കുമ്പോള്‍ പഞ്ചാബിന്റെ 17ാം നായകനായാണ് ശ്രേയസ് അയ്യര്‍ ചുമതലയേല്‍ക്കുന്നത്.
കഴിഞ്ഞ സീസണില്‍ പല സൂപ്പര്‍ ക്യാപ്റ്റന്‍മാര്‍ക്കും നേടാന്‍ സാധിക്കാതെ പോയ ഐക്കോണിക് ഡബിള്‍ നേട്ടവും ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വിജയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടത്തിലേക്കാണ് അയ്യര്‍ നടന്നുകയറിയത്.
ഐ.പി.എല്ലിന്റെ കലാശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജപ്പെടുത്തിയാണ് ശ്രേയസ് അയ്യരിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടമുയര്‍ത്തിയത്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കെ.കെ.ആര്‍ വിജയിച്ചുകയറിയത്.
ടൂര്‍ണമെന്റില്‍ എതിരാളികളുടെ പേടിസ്വപ്നമായ ട്രവിഷേക് സഖ്യവും വെടിക്കെട്ട് വീരന്‍ ഹെന്റിക് ക്ലാസനും അടങ്ങുന്ന ഓറഞ്ച് ആര്‍മിയെ റസലിന്റെയും സ്റ്റാര്‍ക്കിന്റെയും കരുത്തില്‍ വെറും 113 റണ്‍സിന് കൊല്‍ക്കത്ത പുറത്താക്കി. 24 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സായിരുന്നു സണ്‍റൈസേഴ്സിന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത വെങ്കിടേഷ് അയ്യരിന്റെ അര്‍ധ സെഞ്ച്വറിയുടെയും റഹ്‌മാനുള്ള ഗുര്‍ബാസിന്റെ ഇന്നിങ്സിന്റെയും കരുത്തില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തോട് പരാജയപ്പെട്ടതൊഴിച്ചാല്‍ അപരാജിതരായാണ് മുംബൈ കിരീടത്തില്‍ മുത്തമിട്ടത്. കലാശപ്പോരാട്ടത്തില്‍ മധ്യപ്രദേശിന് ഒരു തരത്തിലുമുള്ള മേല്‍ക്കൈയും നേടാന്‍ അനുവദിക്കാതെ അയ്യരിന്റെ പടയാളികള്‍ കപ്പുയര്‍ത്തി.
മത്സരത്തില്‍ ടോസ് നേടിയ അയ്യര്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രജത് പാടിദാറിന്റെ വെടിക്കെട്ടില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മധ്യപ്രദേശ് 174 റണ്‍സ് നേടി. 40 പന്തില്‍ പുറത്താകാതെ 81 റണ്‍സാണ് പാടിദാര്‍ നേടിയത്.
175 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ സൂര്യകുമാര്‍ യാദവ് (35 പന്തില്‍ 48), അജിന്‍ക്യ രാഹനെ (30 പന്തില്‍ 37), സൂര്യാന്‍ഷ് ഷെഡ്ഗെ (15 പന്തില്‍ പുറത്താകാതെ 36) എന്നിവരുടെ ബാറ്റിങ് കരുത്തില്‍ 13 പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
ഇപ്പോള്‍ പ്രതീക്ഷകളുടെ അമിതഭാരവുമേന്തിയാണ് അയ്യര്‍ പുതിയ ചുമതലയേറ്റെടുത്തിരിക്കുന്നത്. ദല്‍ഹിക്കൊപ്പം കയ്യകലത്ത് നിന്നും നഷ്ടമായ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം സ്വന്തമാക്കിയ ഐ.പി.എല്‍ കിരീടം ഇത്തവണ പഞ്ചാബ് കിങ്‌സിന് താരം നേടിക്കൊടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: Shreyas Iyer appointed as Punjab Kings’ 17th captain