|

ഹര്‍ദിക്കിനെ ആരാധകര്‍ കൂവിക്കൊണ്ടേയിരിക്കണം, ഇതിലൂടെ വലിയ മാറ്റമാണുണ്ടാവുക: വെളിപ്പെടുത്തി മുംബൈ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ ഒന്‍പത് റണ്‍സിന് മുംബൈ പരാജയപ്പെടുത്തിയത്. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഏഴ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുംബൈ താരം ശ്രേയസ് ഗോപാല്‍. ഹര്‍ദിക്കിനോടുള്ള ആരാധകരുടെ ശത്രുതാപരമായ പെരുമാറ്റം അവനെ മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരാന്‍ സഹായിക്കുമെന്നും ആരാധകരില്‍ നിന്നുള്ള പ്രതികരണം ബാധിക്കാതെ തുടരാനുള്ള മാനസിക ധൈര്യം ഹര്‍ദിക്കിന് ഉണ്ടെന്നുമാണ് ശ്രേയസ് പറഞ്ഞത്.

‘ആള്‍ക്കൂട്ടങ്ങളില്‍ നിന്നുള്ള പെരുമാറ്റത്തില്‍ അസ്വസ്ഥന്‍ ആവാന്‍ ഹര്‍ദിക്കിന് ഒരിക്കലും സാധിക്കില്ല. കാരണം അവന്‍ മാനസികമായി വളരെ ശക്തനാണ്. എനിക്ക് ഒരു പതിറ്റാണ്ടുകാലമായി അവനെ നന്നായി അറിയാം. അവനില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല അവന്‍ ശരിക്കും ഒരു കടുംപിടുത്തക്കാരനാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ അവനെ പ്രചോദിപ്പിക്കും,’ ശ്രേയസ് ഗോപാല്‍ മത്സരശേഷം പറഞ്ഞു.

2013 മുതല്‍ മുംബൈയുടെ നായകസ്ഥാനം ഏറ്റെടുത്ത രോഹിത്തിന്റെ കീഴില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. എന്നാല്‍ ഈ സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മുംബൈ മാനേജ്‌മെന്റ് ഹര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി നിയമിക്കുന്നത്. രോഹിത് ശര്‍മയെ മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും അപ്രതീക്ഷിതമായി നീക്കം ചെയ്ത തീരുമാനത്തിനെതിരെ ആരാധകരില്‍ നിന്നും ധാരാളം പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

ഹര്‍ദിക് 2015 മുതല്‍ 2021 വരെ മുംബൈയില്‍ കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നാല് കിരീട നേട്ടത്തില്‍ പങ്കാളിയാവാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചിരുന്നു.എന്നാല്‍ താരം ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുകയും ആദ്യ സീസണില്‍ തന്നെ ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കാനും രണ്ടാം സീസണില്‍ ഗുജറാത്തിനെ ഫൈനലില്‍ എത്തിക്കാനും ഹര്‍ദിക്കിന് സാധിച്ചിരുന്നു.

നിലവില്‍ ഹര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും നാലു തോല്‍വിയും അടക്കം ആറ് പോയിന്റോടെ ഏഴാം സ്ഥാനത്താണ് മുംബൈ. ഏപ്രില്‍ 25ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. രാജസ്ഥാന്റെ തട്ടകമായ സവായ് മാനസിങ് സ്റ്റേഡിയമാണ് വേദി.

Content Highlight: Shreyas Gopal Talks About Hardik Pandya