| Tuesday, 26th July 2022, 4:08 pm

എനിക്ക് നേരെ അവര്‍ വരുമെന്ന് അറിയാമായിരുന്നു, എല്ലാം എനിക്കെതിരെയായിരുന്നു; എ.ബി.ഡി, വിരാട് എന്നിവരെ പുറത്താക്കികൊണ്ട് ഹാട്രിക്ക് സ്വന്തമാക്കിയ സൂപ്പര്‍ ബൗളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരുപാട് ആഭ്യന്തര താരങ്ങള്‍ക്ക് അന്താരാഷ്ട്ര താരങ്ങളുമായി ഏറ്റുമുട്ടാനുള്ള അവസരം ലഭിക്കുമെന്നതാണ്. ബാറ്റര്‍മാരുടെ ലീഗ് എന്ന് പലരും വിമര്‍ശിക്കുമെങ്കിലും ഐ.പി.എല്‍ ഇന്ത്യന്‍ ടീമിന് സംഭാവന ചെയ്ത ബൗളര്‍മാര്‍ കുറച്ചൊന്നുമല്ല.

ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍താരമായ ജസ്പ്രീത് ബുംറയും, സ്പിന്‍ മാന്ത്രികന്‍ യുസ്വന്ദ്ര ചഹലുമെല്ലാം ഐ.പി.എല്‍ വഴിയാണ് ഇന്ത്യന്‍ ടീമില്‍ നടന്നുകയറിയത്. ഒടുവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കുന്ന ഉമ്രാന്‍ മാലിക്കും ആവേശ് ഖാനുമെല്ലാം ഐ.പി.എല്ലില്‍ കഴിവ് തെളിയിച്ച താരങ്ങളാണ്.

തന്റെ ഡെബ്യു ഐ.പി.എല്‍ മത്സരത്തില്‍ വിരാട് കോഹ്‌ലി, എ.ബി.ഡിവില്ലേഴ്‌സ് എന്നീ താരങ്ങളെ പുറത്താക്കിയാണ് ബുംറ കരിയര്‍ തുടങ്ങിയത്. അതുപോലെ ഐ.പി.എല്ലില്‍ ഒരുപാട് ഞെട്ടിക്കുന്ന നിമിഷങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള നിമിഷങ്ങള്‍ സ്വന്തമാക്കിയ താരമാണ് ശ്രേയസ് ഗോപാല്‍.

2019ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയുള്ള രാജസ്ഥാന്റെ മത്സരത്തില്‍ ഗോപാല്‍ ഹാട്രിക്ക് നേടിയിരുന്നു. തുടരെ മൂന്ന് പന്തില്‍ മൂന്ന് വിക്കറ്റ് നേടുന്നത് തന്നെ പ്രത്യേകതയുള്ള കാര്യമാണ്. എന്നാല്‍ അതില്‍ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളായ വിരാട് കോഹ്‌ലിയും എ.ബി. ഡിവില്ലേഴ്‌സും ഉള്‍പ്പെട്ടാലോ?. ഗോപാലിന് തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത നിമിഷങ്ങളായിരുന്നു അത്.

ആ കളിയിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍. ആ മത്സരത്തിന് മുമ്പ് അദ്ദേഹമെടുത്ത തയ്യാറെടുപ്പിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ബാറ്റര്‍മാര്‍ തന്നെ ടാര്‍ഗറ്റ് ചെയ്യുമെന്ന് അറിയാമായിരുന്നുവെന്നും പ്രത്യേകിച്ച് വിരാടും എ.ബിയും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍. എല്ലാ ബോളും ഫ്രീഹിറ്റാണെന്ന മനോഭാവത്തിലാണ് എറിഞ്ഞതെന്നാണ് അദ്ദേഹം പറഞ്ഞത്.

‘എല്ലാ പന്തും ഫ്രീ-ഹിറ്റ് പോലെയാണെന്ന് എനിക്കറിയാമായിരുന്നു. സിക്സറുകള്‍ അടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ലായിരുന്നു. അതായിരുന്നു എന്റെ പ്ലാന്‍. അവര്‍ എന്റെ നേരെ ആക്രമിക്കാന്‍ വരുമെന്ന് എനിക്കറിയാമായിരുന്നു. എനിക്ക് രണ്ട് ഫീല്‍ഡര്‍മാര്‍ മാത്രമേ ഗ്രൗണ്ടിന്റെ ഷോര്‍ട്ട് സൈഡില്‍ ഉണ്ടായിരുന്നുള്ളൂ. സാധ്യതകള്‍ എനിക്കെതിരെ നിരന്നു.

പക്ഷേ, ഞാന്‍ ഇവിടെ ഒരുപാട് കളിച്ചിട്ടുള്ളതിനാല്‍, വിക്കറ്റും സാഹചര്യങ്ങളും നന്നായി മനസ്സിലാക്കിരുന്നു. പുഷ് ചെയ്യുന്നതിന് പകരം ഓവര്‍സ്പിന്‍ ബൗള്‍ ചെയ്യേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അത് എന്നെ സഹായിച്ചു, പക്ഷേ മറ്റൊരു ദിവസം അത്തരം ലോകോത്തര ബാറ്റര്‍മാര്‍ക്കെതിരെ ആ ഡെലിവറികള്‍ ഗ്രൗണ്ടിന് പുറത്ത് പോകാമായിരുന്നു, ഗോപാല്‍ പറഞ്ഞു.

മഴമൂലം അഞ്ച് ഓവറാക്കി കുറച്ച മത്സരത്തില്‍ ആദ്യ ഒമ്പത് പന്തില്‍ 35 റണ്‍സ് സ്വന്തമാക്കിയിരുന്നു. ഏഴ് പന്തില്‍ 25റണ്‍സുമായി തകര്‍ത്തടിച്ചിരുന്ന വിരാടിനെയായിരുന്നു ഗോപാല്‍ ആദ്യം മടക്കിയത്. തൊട്ടുത്ത പന്തില്‍ 10 റണ്‍സെടുത്ത എ.ബിയേയും അവസാന പന്തില്‍ സ്റ്റോയിനിസിനെ പൂജ്യനായും മടക്കുകയായിരുന്നു ഗോപാല്‍.

Content Highlights: Shreyas Gopal  shares memories of taking Hatrick against RCB in likes of Virat Kohli And Ab Devillers

We use cookies to give you the best possible experience. Learn more