2024 വിമണ്‍സ് ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ശ്രേയങ്ക പാട്ടീല്‍ പുറത്തായി. പാകിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിലായിരുന്നു ശ്രേയങ്കക്ക് പരിക്ക് പറ്റിയത്. മത്സരത്തില്‍ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടയാണ് താരത്തിന് പരിക്കുപറ്റിയത്.
ശ്രേയങ്കയുടെ കൈവിരലുകള്‍ക്കാണ് പരിക്ക് സംഭവിച്ചത്. ഇതിനു പിന്നാലെയാണ് താരം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. ശ്രേയങ്കക്ക് പകരം തനൂജ കന്‍വര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും.
പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ശ്രേയങ്ക നടത്തിയിരുന്നത്. മത്സരത്തില്‍ 3.2 ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടു നല്‍കി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. ഇന്ത്യയ്ക്കായി കുട്ടി ക്രിക്കറ്റില്‍ 12 മത്സരങ്ങളില്‍ നിന്നും 16 വിക്കറ്റുകളാണ് ശ്രേയങ്ക നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മികച്ച ഫോമിലുള്ള താരത്തിന്റെ പുറത്താകല്‍ ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയാണ് നല്‍കിയിട്ടുള്ളത്.
ശ്രേയങ്കക്ക് പകരം എത്തുന്ന തനൂജ ടി-20യില്‍ 77 മത്സരങ്ങളില്‍ നിന്നും 85 വിക്കറ്റുകളാണ് ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുള്ളത്. 16.6 ആവറേജിലും 5.1 12 എക്കണോമിയിലുമാണ് തനൂജ പന്തെറിഞ്ഞത്. ബാറ്റിങ്ങില്‍ ഒരു അര്‍ധസെഞ്ച്വറി നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.
അതേസമയം ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 19.2 ഓവറില്‍ 108 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 35 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനില്‍ക്കെ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.
വിജയത്തോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്ക് സാധിച്ചു. ഇന്നാണ് ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ കളത്തിലിറങ്ങുന്നത്. റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യു.എ.ഇയാണ് ഇന്ത്യയുടെ എതിരാളികള്‍.
Content Highlight: Shreyanka Patil Ruled Out Asia Cup 2024