| Wednesday, 20th March 2024, 7:18 pm

21ാം നൂറ്റാണ്ടിലെ ആദ്യ താരം, ചരിത്രം സാക്ഷി; ഇന്ത്യന്‍ മണ്ണില്‍ ഇങ്ങനെയൊരു റെക്കോഡ് ഇതാദ്യം

സ്പോര്‍ട്സ് ഡെസ്‌ക്

2021 വുമണ്‍സ് പ്രീമിയര്‍ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു ബെംഗളൂരു ചരിത്ര വിജയം സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫ്രാഞ്ചൈസിയുടെ ആദ്യകിരീടം ആയിരുന്നു ഇത്.

ടൂര്‍ണമെന്റിലെ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയത് റോയല്‍ ചലഞ്ചേഴ്‌സ് താരം ശ്രേയങ്ക പാട്ടീല്‍ ആയിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച ബൗളിങ് പ്രകടനമാണ് ശ്രേയങ്ക നടത്തിയത്. 13 വിക്കറ്റുകളാണ് റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി താരം നേടിയത്. 12 ശരാശരിയില്‍ 21 ഓവര്‍ എറിഞ്ഞ താരം 157 റണ്‍സാണ് വിട്ടുനല്‍കിയത്.

പര്‍പ്പിള്‍ ക്യാപ്പ് നേടിയതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ശ്രയങ്ക സ്വന്തമാക്കിയത്. വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് ശ്രേയങ്ക പാട്ടീല്‍ സ്വന്തം പേരിലാക്കി മാറ്റിയത്.

തന്റെ 21ാം വയസിലാണ് ശ്രേയങ്ക ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും വുമണ്‍സ് പ്രമീയര്‍ ലീഗിലും മറ്റൊരു താരത്തിനും ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.

ഫൈനലിലും മിന്നും പ്രകടനമാണ് ശ്രേയങ്ക നടത്തിയത്. 3.3 ഓവറില്‍ 12 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് ശ്രേയങ്ക നേടിയത്. ദല്‍ഹി താരങ്ങളായ നായകന്‍ മെഗ് ലാനിങ്, മലയാളി താരം മിന്നു മണി, വിക്കറ്റ് കീപ്പര്‍ ടാനിയ ഭാട്ടിയ, അരുന്ധതി റെഡി എന്നിവരുടെ വിക്കറ്റുകള്‍ ആണ് ശ്രേയങ്ക നേടിയത്.

ശ്രേയങ്കയുടെ ബൗളിങ് കരുത്തില്‍ ക്യാപ്പിറ്റല്‍സ് 113 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ റോയല്‍ ചലഞ്ചേഴ്‌സ് 19.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

Content Highlight: Shreyanka Patil become the youngest player win  Purple Cap in WPL

We use cookies to give you the best possible experience. Learn more