ദിലീപിനെ പിന്തുണച്ച്, ഡബ്ള്യു.സി.സിയെ രൂക്ഷമായി വിമർശിച്ച് ശ്രീനിവാസൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിന് പിന്തുണ നൽകി നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന വിമന്‍ ഇന്‍ സിനിമ കലക്ടീവിനെയും ശ്രീനിവാസൻ രൂക്ഷമായി വിമർശിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ ശ്രീനിവാസൻ ഡബ്ള്യു.സി.സിയുടെ ഉദ്ദേശ്യം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും വിമർശിച്ചു.
തന്റെ മകൻ ധ്യാൻ നായകനാകുന്ന പുതിയ ചിത്രം കുട്ടിമാമയുടെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യം പറയുന്നത്. മനോരമ ന്യൂസുമായി ആയിരുന്നു ശ്രീനിവാസന്റെ അഭിമുഖം.
ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ശ്രീനിവാസൻ ആരോപിച്ചു. പൾസർ സുനിക്ക് ഒന്നരകോടിയോളം ദിലീപ് നടിയെ ആക്രമിക്കാനായി നൽകിയെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും തനിക്കറിയാവുന്ന ദിലീപ് ഇങ്ങനെയൊരു കാര്യത്തിന് ഒരു പൈസ പോലും ചിലവാക്കുകയില്ല എന്നാണ് ശ്രീനിവാസന്റെ നിലപാട്. അസുഖത്തിൽ നിന്നും സുഖം പ്രാപിച്ച ശേഷം ഇതാദ്യമായാണ് ശ്രീനിവാസൻ ഒരു അഭിമുഖത്തിന്റെ ഭാഗമാകുന്നത്.
ഡബ്യു.സി.സിയുടെ ഉദ്ദേശ്യമെന്തെന്നും അവരുടെ ആവശ്യമെന്താണെന്ന് തനിക്ക് മനസിലാകുന്നിലെന്നും ശ്രീനിവാസൻ പറയുന്നു. ഡബ്ള്യു.സി.സി സ്ത്രീകൾക്ക് പുരുഷന്മാരുടെയത്രതന്നെ വേതനം ആവശ്യപ്പെടുന്നതിനെയും സ്ത്രീകൾക്ക് നേരെയുള്ള ചൂഷണത്തിനെതിരെ പോരാടുന്നതിനെയും ശ്രീനിവാസൻ നിസ്സാരവത്കരിച്ചു.
തനിക്ക് ഒരു സംഘടനകളെയും ഇല്ലാതാകണമെന്ന് ആഗ്രഹമില്ലെന്നും ചില കാര്യങ്ങൾ പറയാൻ പരിധികൾ ഉള്ളതുകൊണ്ടാണ് പറയാത്തതെന്നും ശ്രീനിവാസൻ വ്യക്തമാക്കി.