| Wednesday, 14th August 2024, 2:33 pm

നല്ല കഥാപാത്രമാണ് ചെയ്യുന്നത് എന്ന് തോന്നിപ്പിക്കാത്ത സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് താത്പര്യമില്ല: ശ്രദ്ധ കപൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തീന്‍ പത്തി, സഹോ, ഹാഫ് ഗേള്‍ഫ്രണ്ട്, ഏക് വില്ലന്‍, ഹൈദര്‍, എബിസിഡി 2 എന്നിങ്ങനെ നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രദ്ധ കപൂര്‍. ആഷിഖ്വി 2 എന്ന സിനിമയിലെ ആരോഹി കേശവ് ഷിര്‍ക്കെ എന്ന കഥാപാത്രവും സിനിമ പ്രേമികള്‍ അത്ര വേഗമൊന്നും മറക്കില്ല. 2010 ല്‍ പുറത്തിറങ്ങിയ തീന്‍ പത്തി ആയിരുന്നു ശ്രദ്ധ കപൂറിന്റെ ആദ്യ ചിത്രം.

കരിയറിന്റെ തുടക്കകാലത്ത് ശ്രദ്ധ കപൂര്‍ അഭിനയിച്ച മൂന്നും നാലും വര്‍ഷത്തില്‍ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ശ്രദ്ധ കപൂര്‍ ചെയ്യുന്ന സിനിമകളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമാണ്. രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും പ്രധാന വേഷങ്ങളില്‍ എത്തി 2023 മാര്‍ച്ച് എട്ടിന് റിലീസ് ആയ തു ജൂതി മെയിന്‍ മക്കാര്‍ ആണ് ശ്രദ്ധ കപൂര്‍ അഭിനയിച്ച് അവസാനമായി റിലീസ് ചെയ്ത ചിത്രം.

തു ജൂതി മെയിന്‍ മക്കാറിന് ശേഷം ശ്രദ്ധ കപൂര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സ്ത്രീ 2 ഓഗസ്റ്റ് 15 ന് റിലീസ് ആകുകയാണ്. തു ജൂതി മെയിന്‍ മക്കാര്‍ കഴിഞ്ഞ് ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്ത്രീ 2 റിലീസ് ആകുന്നത്.

തന്നെ എക്‌സൈറ്റ് ചെയ്യുന്ന കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യുകയുള്ളെന്നും നല്ല കഥാപാത്രമാണെന്ന് തോന്നിക്കാത്ത സിനിമകള്‍ ചെയ്യാന്‍ ഇപ്പോള്‍ തനിക്ക് താത്പര്യമില്ലെന്നും പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രദ്ധ കപൂര്‍ പറയുന്നു.

‘ഇപ്പോള്‍ എന്നെ എക്‌സൈറ്റ് ചെയ്യുന്ന സിനിമകളുടെ മാത്രം ഭാഗം ആകാനാണ് എനിക്ക് താത്പര്യം. ഞാന്‍ ചെയ്യുന്ന സിനിമകളെ കുറിച്ചും, ചെയ്യാന്‍ പോകുന്ന സിനിമകളെ കുറിച്ചും, കഥാപാത്രങ്ങളെ കുറിച്ചുമെല്ലാം പ്രേക്ഷകര്‍ക്ക് കുറച്ച് പ്രതീക്ഷ ഉണ്ടാകും. അതുകൊണ്ട് എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന കഥകളോ അല്ലെങ്കില്‍ പ്രേക്ഷകരെ എക്‌സൈറ്റ് ചെയ്യിക്കുമെന്ന് എനിക്ക് തോന്നുന്ന കഥകളോ വരുമ്പോള്‍ മാത്രമാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്.

നല്ല കഥാപാത്രമാണ് ചെയ്യുന്നത് എന്ന തോന്നലില്ലാത്ത സിനിമകളില്‍ എനിക്ക് ഇപ്പോള്‍ അഭിനയിക്കാന്‍ താത്പര്യമില്ല. എനിക്ക് ഓക്കേ ആയ കഥാപാത്രവും സിനിമയും വരുന്നത് വരെ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്,’ ശ്രദ്ധ കപൂര്‍ പറയുന്നു.

Content  Highlight: Shraddha Kapoor talks  about film and film choice 

We use cookies to give you the best possible experience. Learn more