| Monday, 29th May 2023, 12:14 pm

സ്വകാര്യ ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ദൃശ്യങ്ങള്‍ പങ്കുവെച്ച് യുവതി; സ്വമേധയാ കേസെടുക്കുമെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെറുപുഴ: കണ്ണൂരില്‍ സ്വകാര്യ ബസില്‍ വെച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തി മധ്യവയസ്‌കന്‍. യാത്രക്കാരിയായ യുവതിക്കാണ് കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്. ചെറുപുഴ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.

ഭക്ഷണം കഴിക്കാനായി ഡ്രൈവറും കണ്ടക്ടറും പുറത്തുപോയപ്പോള്‍ അജ്ഞാതനായ ഈ യാത്രക്കാരന്‍ മാത്രമാണ് ബസില്‍ ഉണ്ടായിരുന്നത്. പിന്നീടാണ് പരാതിക്കാരിയായ യുവതി ബസില്‍ കയറിയത്.

ബസില്‍ മറ്റ് യാത്രക്കാരൊന്നും ഇല്ലെന്ന് ഉറപ്പാക്കി യുവതിയുടെ ശ്രദ്ധ തന്നിലേക്ക് കൊണ്ടുവന്ന ശേഷമാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. ആകെ സ്തംഭിച്ച് പോയ യുവതി പിന്നീട് ഇത് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

ഇതിന് ശേഷവും യാത്രക്കാരന്‍ യാതൊരു കൂസലുമില്ലാതെ ഈ ബസില്‍ തന്നെയിരിക്കുകയും യാത്ര തുടരുകയുമായിരുന്നു. യുവതി സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവെക്കുകയും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ചെറുപുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും യുവതി വ്യക്തമാക്കി. പയ്യന്നൂര്‍ ഡിവൈ.എസ്.പിയുടെ ശ്രദ്ധയിലും ഈ സംഭവം എത്തിയിട്ടുണ്ട്.

ഒരു സ്വകാര്യ ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതില്‍ സ്വമേധയാ കേസെടുക്കാനുള്ള വകുപ്പുകളുണ്ടെന്നാണ് പൊലീസും ഇതിനോട് പ്രതികരിക്കുന്നത്. ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Content Highlights: showman exhibits his private parts in transport bus in cherupuzha, kannur

We use cookies to give you the best possible experience. Learn more