| Wednesday, 13th July 2022, 8:29 am

മുഖ്യമന്ത്രിയ്ക്ക് തണുത്ത ചായ നല്‍കിയതിന് ജീവനക്കാരന് നോട്ടീസ്; സാധാരണക്കാരന്റെ അന്നം മുടങ്ങുന്നതിനേക്കാള്‍ 'ഗുരുതര' വിഷയമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് തണുത്ത ചായ നല്‍കിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ജൂനിയര്‍ സപ്ലൈ ഓഫീസര്‍ രാകേഷ് കനൗഹയ്ക്കാണ് നോട്ടീസ് ലഭിച്ചത്. വി.ഐ.പി ഡ്യൂട്ടിയിലെ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെനോട്ടീസ് അധികൃതര്‍ പിന്‍വലിച്ചു.

നഗരസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ശേഷം പ്രഭാത ഭക്ഷണത്തിനായി ഖജുരാഹോ വിമാനത്താവളത്തിലെത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയാണ് ജീവനക്കാരന്‍ മുഖ്യമന്ത്രിയ്ക്ക് തണുത്ത ചായ നല്‍കിയെന്ന ആരോപണം ഉയര്‍ന്നത്.

സമയം കുറവായിരുന്നതിനാല്‍ മുഖ്യമന്ത്രി ചായ കുടിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ജീവനക്കാരന്റെ ‘അനാസ്ഥ’യ്ക്കു നല്‍കിയ നോട്ടീസ് മറ്റ് ജീവനക്കാര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് എന്നായിരുന്നു അധികൃതരുടെ വാദം.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ചായയും പ്രഭാത ഭക്ഷണവും നല്‍കേണ്ടത് രാകേഷിന്റെ ചുമതലയായിരുന്നുവെന്നും അതില്‍ വരുത്തിയ അശ്രദ്ധ വി.ഐ.പി ഡ്യൂട്ടി പാലിക്കുന്നത് സംബന്ധിച്ച് പ്രോട്ടോക്കോളുകളുടെ ലംഘനമായിരുന്നുവെന്നുമാണ് രാകേഷിന് അയച്ച നോട്ടീസില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

വിഷയത്തില്‍ മൂന്ന് ദിവസത്തിനകം മറുപടി പറയണമെന്നും അല്ലാത്തപക്ഷം കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.

നോട്ടീസ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ നടപടിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വിഷയത്തെ കോണ്‍ഗ്രസും ശകതമായി വിമര്‍ശിച്ചിരുന്നു.

സാധാരണക്കാരന് റേഷന്‍ കിട്ടിയില്ലെങ്കിലും ആംബുലന്‍സ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ മുഖ്യമന്ത്രിയ്ക്ക് തണുത്ത ചായ കൊടുത്തതാണ് രാജ്യത്തെ ‘ഗുരുതര പ്രശ്‌നം’ എന്നായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജെയുടെ പ്രതികരണം.

Content Highlight: showcause notice to official in madhyapradesh for serving cold tea to Chief minister

We use cookies to give you the best possible experience. Learn more