| Saturday, 19th December 2020, 11:24 pm

ലാലുപ്രസാദിന്റെ ആരോഗ്യനില വഷളാണെന്ന വിവരം നല്‍കിയ ഡോക്ടര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് റിംസ് ഡയറക്ടര്‍. ലാലുവിനെ ചികിത്സിച്ച ഡോക്ടര്‍ ഉമേഷ് പ്രസാദിനെതിരെയാണ് നടപടി.

ലാലുവിന്റെ ആരോഗ്യനിലയെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡിസംബര്‍ 12നാണ് ഉമേഷ് ലാലുവിന്റെ ആരോഗ്യനിലയെപ്പറ്റി വെളിപ്പെടുത്തല്‍ നടത്തിയത്.

‘ലാലു പ്രസാദ് യാദവിന്റെ വൃക്കകളുടെ പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും വഷളാകും. പ്രവചിക്കാന്‍ പ്രയാസമാണ്. ഇത് ഭയപ്പെടുത്തുന്ന കാര്യമാണ്’, എന്നാണ് ഉമേഷ് പ്രസാദ് പറഞ്ഞത്. ഇക്കാര്യം അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ തങ്ങളുടെ അനുമതിയില്ലാതെയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയതെന്നാരോപണവുമായി ജയിലധികൃതര്‍ രംഗത്തെത്തിയതോടെയാണ് ഉമേഷിനെതിരെ ആശുപത്രി അധികൃതര്‍ തിരിഞ്ഞത്. തുടര്‍ന്ന് ഏത് സാഹചര്യത്തിലാണ് ലാലുവിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് റിംസ് ഡയരക്ടര്‍ ഉമേഷിന് നോട്ടീസ് അയയ്ക്കുകയായിരുന്നു.

അതേസമയം ലാലുപ്രസാദിന്റെ ആരോഗ്യനിലയില്‍ ഭയപ്പെടാനൊന്നുമില്ലെന്നും നെഫ്രോളജി വിഭാഗത്തില്‍ നിന്ന് യാതൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്നും റിംസ് ആശുപത്രിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ലാലുവിന്റെ ആരോഗ്യനിലയെപ്പറ്റി അസാധാരണമായൊരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതരും പറഞ്ഞത്.

അദ്ദേഹത്തിന്റെ ആരോഗ്യത്തെപ്പറ്റിയുള്ള സാധാരണ വിവരങ്ങള്‍ ഞങ്ങള്‍ക്ക് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിക്കുന്നുണ്ട്. ലഭിക്കുന്ന റിപ്പോര്‍ട്ടില്‍ ലാലുവിന്റെ ആരോഗ്യനിലയെപ്പറ്റിയുള്ള ആശങ്കപ്പെടേണ്ടതായുള്ള വിവരങ്ങള്‍ ഒന്നും തന്നെയില്ല, ജയില്‍ ഐ.ജി വീരേന്ദ്ര ഭൂഷണ്‍ പറഞ്ഞു.

1990 ലെ കാലിത്തീറ്റ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവിലാണ് ലാലുപ്രസാദ്. 2017 വാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2018 ല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് റാഞ്ചിയിലെ റിംസിലേക്ക് മാറ്റുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Showcause  Notice Aganist Laluprasad’s Doctor For Giving Falls Information

We use cookies to give you the best possible experience. Learn more