| Thursday, 19th November 2020, 8:19 pm

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരസ്യവിമര്‍ശനം; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരസ്യവിമര്‍ശനം നടത്തിയ ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് നേതാവിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം. മുതിര്‍ന്ന നേതാവ് ഫര്‍ഖാന്‍ അന്‍സാരിയ്ക്കാണ് നോട്ടീസ് അയച്ചത്.

ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ നിന്നുള്ള മുന്‍ലോക്‌സഭാംഗം കൂടിയാണ് അന്‍സാരി. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണത്തെ ചോദ്യം ചെയ്ത് അദ്ദേഹം രംഗത്തെത്തിയിരുന്നു.

കൂടാതെ രാഹുലിന്റെ ഉപദേശകരെല്ലാം എം.ബിഎ ബിരുദധാരികളാണെന്നും ഇവരുടെ ഉപദേശം തെരഞ്ഞെടുപ്പില്‍ പ്രാവര്‍ത്തികമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

രാഹുലിന് ശരിയായ നിര്‍ദ്ദേശം നല്‍കാനോ, പ്രചാരണ പരിപാടികളില്‍ കൃത്യമായ ഉപദേശം നല്‍കാനോ അവര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെങ്കില്‍ രാഹുലിന് ഒരു രാഷ്ട്രീയ ഉപദേഷ്ടാവിനെ ഏര്‍പ്പെടുത്തണം, എന്നായിരുന്നു അന്‍സാരിയുടെ വിമര്‍ശനം.

പാര്‍ട്ടിഘടനയില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും രാഹുലിനും കത്ത് അയക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ആര്‍.പി.എന്‍ സിംഗിനെതിരെയും അന്‍സാരി വിമര്‍ശനമുന്നയിച്ചിരുന്നു. തനിക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ അയാളെ(ആര്‍.പി.എന്‍ സിംഗ്) ഒരു ബ്ലോക്ക് പ്രസിഡന്റായി പോലും നിയമിക്കില്ലായിരുന്നു, എന്നായിരുന്നു അന്‍സാരി പറഞ്ഞത്.
ഇതേത്തുടര്‍ന്നാണ് അന്‍സാരിയ്‌ക്കെതിരെ നേതൃത്വം നടപടിയുമായി മുന്നോട്ട് വന്നത്. അന്‍സാരിയുടെ പരാമര്‍ശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്.

ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ അന്‍സാരിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Showcause Notice Aganist Congress Leader In Jharkhand

We use cookies to give you the best possible experience. Learn more