മോദീ, 56 ഇഞ്ച് നെഞ്ച് വിരിച്ച് ഷീ ജിന്‍പിങ്ങിന്റെ മുഖത്ത് നോക്കി അത് പറയൂ ; മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കപില്‍ സിബല്‍
India
മോദീ, 56 ഇഞ്ച് നെഞ്ച് വിരിച്ച് ഷീ ജിന്‍പിങ്ങിന്റെ മുഖത്ത് നോക്കി അത് പറയൂ ; മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th October 2019, 12:12 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കവേ മോദിയെ രൂക്ഷമായി പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

പാക് അധീന കശ്മീരില്‍ കൈവശപ്പെടുത്തിയിരിക്കുന്ന 5000 കിലോമീറ്റര്‍ സ്ഥലം ഒഴിഞ്ഞു തരണമെന്നും ഇന്ത്യയില്‍ ഹുവാവേയുടെ 5ജി ഫോണ്‍ ഉണ്ടാവില്ലെന്നും ഷി ജിന്‍പിങ്ങിന്റെ മുഖത്ത് നോക്കി മോദി പറയണമെന്നാണ് സിബല്‍ ആവശ്യപ്പെട്ടത്.

‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ ഷി ജിന്‍പിങ് ഇമ്രാന്‍ ഖാനെ പിന്തുണക്കുന്നതു കണ്ടു. അതുപോലെ മഹാബലിപുരത്തെത്തുന്ന ഷി ജിന്‍പിങ്ങിന്റെ കണ്ണില്‍ നോക്കി നെഞ്ച് വിരിച്ച് മോദി മൂന്ന് കാര്യങ്ങള്‍ പറയണം.

1) ചൈന കൈവശപ്പെടുത്തിയിരിക്കുന്ന പാക്ക് അധീന കശ്മീരെ 5000 കിലോമീറ്റര്‍ സ്ഥലം ഉടന്‍ ഒഴിയുക. 2), ഇന്ത്യയില്‍ ഹുവാവേയുടെ 5 ജി ഉണ്ടാവില്ല. 56 ഇഞ്ച് നെഞ്ച് വിരിച്ച് ഷി ജിന്‍പിങ്ങിന്റെ മുഖത്ത് നോക്കി താങ്കള്‍ പറയണം.”- സിബല്‍ ട്വീറ്റ് ചെയ്തു.

കശ്മീരില്‍ നടക്കുന്ന കാര്യങ്ങള്‍ തങ്ങള്‍ കാണുന്നുണ്ടെന്ന് ഷി ജിന്‍പിങ് പറയുമ്പോള്‍ ഹോങ്കോങ്ങില്‍ ജനാധിപത്യ സമരങ്ങള്‍ തങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് മോദി എന്തുകൊണ്ടാണ് പറയാത്തത് എന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈനയുടെ ഇടപെടല്‍ തടയാന്‍ മോദി സര്‍ക്കാരിന് ആവുന്നില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചെന്നൈയിലെത്തുന്ന ഷി ജിന്‍ പിങ്ങ് വൈകീട്ടാണ് മഹാബലിപുരത്തേക്ക് തിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം ഊര്‍ജിതമാക്കലും, വ്യാപാര ബന്ധം ശക്തിപ്പെടുത്തലും ആണ് കൂടിക്കാഴ്ച ലക്ഷ്യം വെക്കുന്നത്.

കശ്മീര്‍ വിഷയത്തില്‍ ഇരു നേതാക്കളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതിനു ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ച നയതന്ത്ര തലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

കശ്മീര്‍ വിഷയത്തില്‍ തുടക്കം മുതലേ ഇന്ത്യയെ വിമര്‍ശിച്ച ചൈനയുടെ നിര്‍ദേശപ്രകാരമായിരുന്നു യു.എന്‍ രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്നത്. എന്നാല്‍ ചൈനയൊഴികെ മറ്റു രാജ്യങ്ങളെല്ലാം ഇന്ത്യയെ പിന്തുണച്ചു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മറ്റു രാജ്യങ്ങള്‍ ഇതില്‍ ഇടപെടേണ്ട എന്നുമാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്.

നാളെ മോദിയും ഷി ജിന്‍ പിങ്ങും തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ ഇന്ത്യ, ചൈന, മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊര്‍ജിതമാക്കലും ചര്‍ച്ചയാകും.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഇന്ത്യയ്ക്കും യു.എസുമായുള്ള വ്യാപാരയുദ്ധത്തില്‍ കുടുങ്ങിയിരിക്കുന്ന ചൈനയ്ക്കും ഈ കൂടിക്കാഴ്ച ഏറെ പ്രധാനപ്പെട്ടതാണ്. ചൈനയുടെ സാങ്കേതികസഹായികളായ 28 കമ്പനികള്‍ക്ക് യു.എസ് കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയതും ചൈനയ്ക്ക് വലിയ തിരിച്ചടിയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ