മുംബൈ: മത വിഭാഗങ്ങള്‍ക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ വെല്ലുവിളിച്ച് എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജിതേന്ദ്ര ആവാദ്. പൗരത്വ നിയമ ഭേദഗതിക്കെതിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രണ്ടായിരത്തോളം വരുന്ന പ്രതിഷേധക്കാരോട് കല്യാണിലെ കെ.ഡി.എം.സി ഗ്രൗണ്ടില്‍ ഒരുമിച്ച് ചേരണമെന്നും ഭരണഘടനയുടെ പകര്‍പ്പ് എല്ലാവരും കൈവശം വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ആരെങ്കിലും നിങ്ങളുടെ അടുത്ത് വന്ന് രേഖകള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് രാജ്യത്തിന്റെ ഭരണഘടന കാണിച്ചുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ദല്‍ഹിയിലെ ഷാഹിന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധത്തില്‍നിന്ന് പ്രചോദമുള്‍ക്കൊണ്ടാണ് കല്യാണിലും ആളുകള്‍ തടിച്ചുകൂടിയത്. 11 ദിവസം നീണ്ട പ്രതിഷേധ പരിപാടിയാണ് കല്യാണില്‍ നടക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കും എന്‍.ആര്‍.സിക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.