| Saturday, 7th March 2015, 2:15 pm

നിര്‍ഭയ ഡോക്യുമെന്ററി: അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ഭയ കേസിയെ പ്രതിഭാഗം അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(ബി.സി.ഐ)യുടെ നോട്ടീസ്. അഭിഭാഷകരായ എം.എല്‍ ശര്‍മ്മ, എ.പി സിങ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസയച്ചിരിക്കുന്നത്. ഇന്ത്യയുടെ മകള്‍ എന്ന ബി.ബി.സിയുടെ ഡോക്യുമെന്ററിക്ക് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് നോട്ടീസ്.

“എം.എല്‍ ശര്‍മ്മ, എ.പി സിങ് എന്നിവര്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്. ബി.ബി.സിയുടെ ഡോക്യുമെന്ററിയില്‍ വന്ന വിവാദ പരാമര്‍ശത്തെത്തുടര്‍ന്നാണ് നോട്ടീസ്.” ബി.സി.ഐ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു. വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങിന് ശേഷമാണ് ഇവര്‍ക്ക് നോട്ടീസയച്ചിരിക്കുന്നത്.

പ്രഥമദൃഷ്ട്യാ അഭിഭാഷകരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അഭിഭാഷക നിയമപ്രകാരമാണ് ഇവര്‍ക്ക് നേരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ ഇവരുടെ ലൈസന്‍സ് ബി.സി.ഐ റദ്ദ് ചെയ്യും.

ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീകള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നാണ് എം.എല്‍ ശര്‍മ്മ ഡോക്യുമെന്ററിയില്‍ പറഞ്ഞിരുന്നത്. ഇവരുടെ പരാമര്‍ശങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നുമാണ് അഭിഭാഷകര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more