കോഴിക്കോട്: സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കല്‍ നോട്ടീസ്. നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കുന്നതിന് മുന്നോടിയായുള്ള കാരണം കാണിക്കല്‍ നോട്ടീസാണ് സിറ്റി പോലീസ് കമ്മീഷണര്‍ നല്‍കിയതെന്നാണ് സൂചന.
ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കുമെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.
നിലവില്‍ കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് ഉമേഷ്.
നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവില്‍ ഐ.ജി എ.വി. ജോര്‍ജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പ് വെച്ചിരുന്നു.
പൊലീസ് സേനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിക്കുന്നതുകൊണ്ടാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്ന് എ.വി. ജോര്‍ജ് പറഞ്ഞിരുന്നു.
വനിതാ ദിന പരിപാടിയില്‍ പങ്കെടുത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം കമ്മീഷണറെ വിമര്‍ശിച്ച് ഉമേഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വനിതാ ദിനത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ പ്രണയപ്പകയിലെ ലിംഗ രാഷ്ട്രീയം എന്ന സംവാദത്തില്‍ സംസാരിച്ചതിനാണ് കമ്മീഷണര്‍ ഉമേഷിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ ഹര്‍ത്താലില്‍ മുന്‍ സിറ്റി പൊലീസ് കമ്മീഷണറും ജില്ലാ പൊലീസ് മേധാവിയുമായിരുന്ന എസ്.കാളിരാജ് മഹേഷ് കുമാറിനെതിരെ 2019ല്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ ഉമേഷിന് സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് മിഠായി തെരുവില്‍ നടന്ന അക്രമം തടയുന്നതില്‍ കമ്മീഷണര്‍ പരാജയപ്പെട്ടു എന്നായിരുന്നു ഉമേഷിന്റ പോസ്റ്റ്.
തന്റെ നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവില്‍ വിരമിക്കുന്നതിന് മുമ്പ് ഐ.ജി എ.വി. ജോര്‍ജ് ഒപ്പുവെച്ചു എന്ന വാര്‍ത്തയോട് ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചിരുന്നു.
പി.എസ്.സി വഴി സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം കിട്ടിയ എന്നെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ എ.വി. ജോര്‍ജിന് യാതൊരു അധികാരവും ഇല്ലെന്ന് ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
പിരിച്ചുവിടല്‍ ഉണ്ടാവില്ല എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നും അഥവാ, പിരിച്ചു വിട്ടാല്‍ അതിനെതിരെ കോടതിയെ സമീപിച്ച് തിരിച്ചുവരാമെന്നും ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു.
‘എന്നെ പിരിച്ചുവിടാനുള്ള ഓര്‍ഡറില്‍ ഒപ്പിട്ടു എന്ന് ആ റിട്ടയേഡ് പൊലീസുകാരന്‍ ചാനലുകളോട് ആവര്‍ത്തിച്ച് പറയുന്നത് പച്ചക്കള്ളമാണ്. അങ്ങനെ ഒരു ഓര്‍ഡര്‍ അയാള്‍ 31.3.22ന് ഒപ്പിട്ടുണ്ടെങ്കില്‍ അത് അന്ന് തന്നെ എനിക്ക് എത്തിച്ച് തന്ന് സര്‍വീസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടാവും. ഇന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്ക് എന്നെ നിയോഗിക്കുമായിരുന്നില്ല,’ ഉമേഷ് വള്ളിക്കുന്ന് വ്യക്തമാക്കി.
Content Highlights: Show cause notice to Umesh Vallikunnu