| Saturday, 5th October 2013, 12:55 am

തേജസിനെതിരെയുള്ളത് സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടി: തേജസ് വക്താക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: തേജസ് പത്രത്തിനെതിരെ എ.ഡി.എം നോട്ടീസ് നല്‍കിയതായി തേജസ് വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

തേജസ് ദിനപത്രത്തിനു മേല്‍ നടപടിയെടുക്കാനുള്ള സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളില്‍ മാധ്യമലോകം പ്രതികരിക്കണമെന്നും തേജസ് മാനേജിങ് എഡിറ്ററും പ്രിന്റര്‍ ആന്റ് പബ്ലിഷറുമായ പ്രഫ. പി കോയ, എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, മാനേജിങ് ഡയറക്ടര്‍ എം ഉസ്മാന്‍, ഡയറക്ടര്‍ ഫായിസ് മുഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.

തേജസില്‍ രാജ്യത്തിന്റെ ഐക്യത്തെയും താല്‍പ്പര്യത്തെയും അത്യന്തം ഗുരുതരമായി ബാധിക്കുന്ന വാര്‍ത്തകളും മുഖപ്രസംഗങ്ങളും ലേഖനങ്ങളും അച്ചടിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നുവെന്നാണ് നോട്ടീസില്‍ ആരോപിച്ചിരിക്കുന്നതെന്ന് തേജസ് വക്താക്കള്‍ വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി.

തേജസ് ദിനപത്രത്തിനെതിരേ 1867ലെ പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കുന്നതിന് കോഴിക്കോട്, തിരുവനന്തപുരം അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ മുഖാന്തരം സര്‍ക്കാര്‍ തേജസ് പ്രിന്ററും പബ്ലിഷറുമായ പ്രഫ. പി കോയക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

ന്യൂനപക്ഷ, പിന്നാക്ക, ദലിത് സമുദായങ്ങള്‍ അടക്കമുള്ള പാര്‍ശ്വവല്‍കൃതസമൂഹത്തിന്റെ ശാക്തീകരണത്തിനായി ഏഴുവര്‍ഷമായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സ്വന്തമായി പത്രസ്ഥാപനങ്ങള്‍ നടത്താനും ആശയപ്രചാരണത്തിനും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം സംരക്ഷിക്കുന്നതിനായി നിയമനടപടികള്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍, നോട്ടീസ് പ്രകാരം കഴിഞ്ഞ 30ന് കോഴിക്കോട് എ.ഡി.എം. മുമ്പാകെ ഹാജരായി തെളിവുകള്‍ ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് പ്രഫ. പി കോയ പറഞ്ഞു.

തേജസിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഈ നടപടികളും. 2011ല്‍, കഴിഞ്ഞ ഇടതു സര്‍ക്കാരാണ് ആദ്യമായി കാരണം വ്യക്തമാക്കാതെ പരസ്യം നിഷേധിച്ചത്.

ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസ് പിന്‍വലിക്കുക എന്ന ധാരണയില്‍ പരസ്യം നല്‍കിയെങ്കിലും വീണ്ടും വിലക്കു വന്നു.

പിന്നീട് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ പരസ്യം നല്‍കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടെങ്കിലും ആ ഉത്തരവ് പി.ആര്‍.ഡിയില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

പരസ്യനിഷേധത്തിനെതിരേ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തേജസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളിലോ മുഖപ്രസംഗങ്ങളിലോ ലേഖനങ്ങളിലോ ഉള്ളതായി സര്‍ക്കാര്‍ ആരോപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുടെ യാതൊരു തെളിവും ഹാജരാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇന്നുവരെ പത്രത്തിനെതിരേ യാതൊരു നിയമനടപടിയും സ്വീകരിച്ചിട്ടുമില്ല. ദേശീയ ഐക്യവും സമൂഹത്തിലെ അവശവിഭാഗങ്ങളുടെ ശാക്തീകരണവും സാമൂഹികനീതിയും തേജസിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളില്‍ ഉള്‍പ്പെടുന്നതാണ്.

ഇന്നുവരെ അതില്‍നിന്നു വ്യതിചലിക്കുന്ന വാക്കോ സമീപനമോ തേജസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നു തേജസ് പ്രതിനിധികള്‍ വ്യക്തമാക്കി.

ജനാധിപത്യകേരളവും സമൂഹവും ഇത്തരം നീക്കങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കണമെന്നും വക്താക്കള് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more