| Wednesday, 16th October 2024, 11:16 am

മസ്ജിദിനുള്ളിൽ 'ജയ് ശ്രീറാം' വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മസ്ജിദിനുള്ളിൽ ‘ജയ് ശ്രീറാം’ വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന ഉത്തരവുമായി കർണാടക ഹൈക്കോടതി. മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ് റദ്ദാക്കികൊണ്ടായിരുന്നു കർണാടക ഹൈക്കോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ‘ജയ് ശ്രീറാം’ വിളിക്കുന്നത് ഒരു സമുദായത്തിന്‍റെ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെയാണെന്ന് ബെഞ്ച് ചോദിച്ചു. കേസിലെ പ്രതികൾ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

മുസ്‌ലിം പള്ളിയിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിന് ഐ.പി.സി സെക്ഷൻ 295 എ, സെക്ഷൻ 447 (ക്രിമിനൽ അതിക്രമം), 505 (പൊതു ദ്രോഹത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 34 (പൊതു ഉദ്ദേശ്യം), 295 എ (മതവികാരം ദ്രോഹിക്കൽ) എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്.

ബന്ധപ്പെട്ട പ്രദേശത്ത് ഹിന്ദുക്കളും മുസ്‌ലിങ്ങളും സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് കേസിലെ പരാതിക്കാരൻ തന്നെ പറഞ്ഞതായി ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിക്കാർക്കെതിരായ തുടർ നടപടികൾക്ക് അനുമതി നൽകുന്നത് നിയമത്തിൻ്റെ ദുരുപയോഗമായി മാറുമെന്നാണ് കോടതിയുടെ വാദം.

2023 സെപ്റ്റംബർ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി പത്തുമണിക്കു ശേഷം മസ്ജിദിനുള്ളില്‍ കയറിയ പ്രതികള്‍ ‘ജയ് ശ്രീറാം’വിളിക്കുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാത്ത രണ്ടുപേര്‍ക്കെതിരെ കേസെടുക്കുകയും വൈകാതെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മസ്ജിദിനുള്ളില്‍ കയറി ഭീഷണി മുഴക്കിയതിനും കേസെടുത്തിരുന്നു.

എന്നാല്‍ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെ ചോദ്യം ചെയ്ത് പ്രതികൾ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഈ അപ്പീലിലാണ് കോടതിയുടെ പുതിയ ഉത്തരവ്.

Content Highlight: Shouting ‘Jai Shri Ram’ inside mosque doesn’t hurt religious feelings: High Court

Latest Stories

We use cookies to give you the best possible experience. Learn more