മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വരുന്ന എല്ലാ നേതാക്കളേയും ബി.ജെ.പിയിലേക്ക് എടുക്കേണ്ടെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ഉപദേശം. കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു താക്കറയുടെ നിര്‍ദേശമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
“അവര്‍ എല്ലാവരേയും നിങ്ങള്‍ ബി.ജെ.പി പാര്‍ട്ടിയിലേക്ക് എടുക്കേണ്ടതില്ല. അവിടേയും കുറച്ച് പേര്‍ ഇരിക്കട്ടെ. തെരഞ്ഞെടുപ്പിനെ പറ്റി പറയാന്‍ അവര്‍ക്കും കുറച്ച് ആളുകള്‍ വേണം. ഞാന്‍ ആരെക്കുറിച്ചും ഒന്നും പറയുന്നില്ല, കാരണം നാളെ അയാളെ ബി.ജെ.പിയിലേക്കോ ശിവസേനയിലേക്കോ എടുക്കേണ്ടി വരുമെന്ന് ഞാന്‍ ഭയക്കുന്നു” എന്നായിരുന്നു താക്കറെ പറഞ്ഞത്.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ഇന്നലെയായിരുന്നു ടോം വടക്കന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ദേശസ്‌നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പുല്‍വാമ അക്രമണ സമയത്തെ കോണ്‍ഗ്രസിന്റെ പ്രസ്താവന വേദനിപ്പിച്ചെന്നുമായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ടോം വടക്കന്‍ നല്‍കിയ വിശദീകരണം.
എ.ഐ.സി.സി മുന്‍ വക്താവായ ടോം വടക്കന്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയാണെന്നായിരുന്നു ടോം വടക്കന്‍ പറഞ്ഞത്.
നേരത്തെ തൃശ്ശൂരില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ടോം വടക്കന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ കൂടി ടോം വടക്കനെ പരിഗണിച്ചിരുന്നില്ല.
തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടയാളുകള്‍ക്ക് ശല്യമായിരുന്നു ടോം വടക്കനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. തൃശൂര്‍ സീറ്റ് കിട്ടിയേ തീരൂവെന്ന് പറഞ്ഞ് ശല്യപ്പെടുത്തുമായിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചിരുന്നു.
വടക്കനെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസിലെ അനുപം ഹസാരെയും, ബംഗാളിലെ സി.പി.ഐ.എം നേതാവും എം.എല്‍.എയുമായ ഖഗേന്‍ മര്‍മു, കോണ്‍ഗ്രസ് എം.എല്‍.എ ദുലാല്‍ ചന്ദ്രബാര്‍ എന്നിവരും ഈയിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
Also Watch