| Saturday, 29th July 2023, 2:06 pm

പന്തീരങ്കാവ് യു.എ.പി.എ കേസുപോലെ പറവൂര്‍ യു.എ.പി.എ കേസ് ചര്‍ച്ചയാകേണ്ടതില്ലേ?

നായിബ് ഇ.എം

അലനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയ സംഭവം ഇടതു സര്‍ക്കാരിന്റെ മുസ്‌ലിം വേട്ട എന്ന നിലയില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. ന്യൂമാഹി സ്വദേശി റിയാസ്, പറവൂര്‍ സ്വദേശി ഫവാസ് എന്നീ രണ്ട് ചെറുപ്പക്കാര്‍ക്കും മാഞ്ഞാലി സ്വദേശി സിയാദ് എന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും എതിരെ നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷനില്‍ യു.എ.പി.എ ചുമത്തി കേസെടുത്തതും എന്‍.ഐ.എ അന്വേഷിച്ച് ഫവാസിനെയും സിയാദിനെയും കുറ്റവിമുക്തരാക്കി വെറും ഗാര്‍ഹിക പീഡനക്കേസാക്കി കുറ്റ പത്രം സമര്‍പ്പിച്ചതും എന്തുകൊണ്ടാണ് രാഷ്ട്രീയ കേരളവും മുഖ്യധാരാമാധ്യമങ്ങളും ചര്‍ച്ച ചെയ്യാത്തത്?

അലന്‍ ഷുഹൈബും ത്വാഹ ഫസലും, ചിത്രത്തിന് കടപ്പാട്: സ്‌ക്രീന്‍ഷോട്ട്, ട്രൂകോപ്പിതിങ്ക്‌

പ്രതിപക്ഷ നേതാവാവുന്നതിന് മുമ്പേ അപ്രഖ്യാപിത പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചിരുന്ന വി.ഡി. സതീശന്റെ മണ്ഡലത്തില്‍ ഇത്ര വലിയ ”മുസ്‌ലിം വേട്ട” നടന്നിട്ടും നിയമസഭയിലോ പുറത്തോ ചര്‍ച്ചയാക്കാഞ്ഞത് എന്തുകൊണ്ടാവും?

2017വര്‍ഷാന്ത്യത്തിലാണ് നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷനില്‍ 2721 -ാം നമ്പറായി എഫ്‌.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്യുന്നത്. യു.എ.പി.എയുടെ വിവിധ വകുപ്പുകളും 153A വകുപ്പും അടക്കം നിരവധി വകുപ്പുകള്‍ ചുമത്തിയായിരുന്നു റിയാസും ഫവാസും സിയാദും ഉള്‍പ്പെടെ 9 പ്രതികള്‍ക്കെതിരെയുള്ള പ്രഥമ വിവര റിപ്പോര്‍ട്ട്. ഗുജറാത്തില്‍ കോളേജ് അദ്ധ്യാപകനായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിയുടെ മകള്‍ നല്‍കിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്‌.

കേസിനു മുമ്പുള്ള ചരിത്രത്തിലേക്ക്

2014ല്‍ ബാംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക്‌സ് ഡിസൈനിങ്ങ് കോഴ്‌സ് പഠിക്കാനെത്തിയ ന്യൂമാഹി സ്വദേശി റിയാസും പത്തനംതിട്ട സ്വദേശിനിയായ യുവതിയും പ്രണയത്തിലായി. ഇരുവരുടെയും വീട്ടുകാര്‍ എതിര്‍ത്തിട്ടും 2017ല്‍ അവര്‍ ബാംഗ്‌ളൂരില്‍ വെച്ച് വിവാഹിതരായി. ചോലനായ്ക്കനഹള്ളി സബ് രെജിസ്റ്റാര്‍ ഓഫീസില്‍ വെച്ചാണ് വിവാഹം രെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ വിവാഹത്തിന് ശേഷം റിയാസിന്റെ മാതൃസഹോദരി താമസിക്കുന്ന എറണാകുളം ജില്ലയിലെ പറവൂരിലെത്തി മാഞ്ഞാലിയില്‍ വീട് വാടകക്കെടുത്ത് താമസിച്ചു. വാടക വീട് തരപ്പെടുത്താനും ബാംഗളൂവിലേക്ക് യാത്ര ചെയ്യാനും റിയാസിന്റെ മാതൃസഹോദരീ പുത്രന്‍ ഫവാസും ഫവാസിന്റെ കുടുംബ സുഹൃത്ത് സിയാദും കൂടെയുണ്ടായിരുന്നു.

ഇതിനിടയില്‍ നിയമപരമായി  തന്നെ യുവതിയുടെ വീട്ടുകാര്‍ തടഞ്ഞു വെച്ച പാസ്‌പോര്‍ട്ട് യുവതി വാങ്ങിയെടുത്തു. കുറച്ച് നാളുകള്‍ക്ക് ശേഷം അമ്മക്ക് സുഖമില്ല എന്ന് കബളിപ്പിച്ച് ഗുജറാത്തിലേക്ക് വിളിച്ചു വരുത്തി യുവതിയെ പിതാവ് വീട്ട് തടങ്കലിലാക്കി. തുടര്‍ന്ന് റിയാസ് തന്റെ ഭാര്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജി ഫയല്‍ ചെയ്തു.

വിശദമായ വാദവും യുവതിയുടെയും പിതാവിന്റെയും നിലപാടും എല്ലാം വിശദമായി പരിശോധിച്ച കേരള ഹൈക്കോടതി 2017 ജനുവരി 23 ന് പുറപ്പെടുവിച്ച വിധി പ്രകാരം യുവതിയെ റിയാസിനൊപ്പം പറഞ്ഞയക്കുകയും ചെയ്തു.

2017 ജൂണില്‍ റിയാസ് സൗദി അറേബ്യയിലെ ജിദ്ദയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുകയും റിയാസ് അവിടെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.  തുടര്‍ന്ന് വിസിറ്റിങ്ങ് വിസയില്‍ യുവതിയും ജിദ്ദയിലെത്തി. പിതാവിന് ഗുരുതരമായ രോഗമാണെന്ന് പറഞ്ഞ്‌ അയച്ചു നല്‍കപ്പെട്ട വിമാന ടിക്കറ്റില്‍ യുവതി 2017 ഓക്ടോബര്‍ 14ന് കൊച്ചിയിലേക്ക് തിരികെ പോകുകയും ചെയ്തു. നവംബര്‍ 6 വരെ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും പരസ്പരം ആശയവിനിമയങ്ങള്‍ തുടരവേ ഫോണ്‍ ദുരൂഹമായി സ്വിച്ച്ഡ് ഓഫായി.

ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാനായി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നും സൗദി അറേബ്യയിലെ മലയാളി സമൂഹം രക്ഷപെടുത്തിയതാണെന്നും ചൂണ്ടിക്കാട്ടി നവംബര്‍ 7 ന് യുവതിയുടേതെന്ന പേരില്‍ ഹൈക്കോടതിയില്‍ പരാതിയെത്തുകയും പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. യുവതിയുടെ രഹസ്യ മൊഴി ആലുവ ഫസ്റ്റ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതിയില്‍ രേഖപ്പെടുത്തപ്പെട്ടുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ 9 പേര്‍ക്കെതിരെ യു.എ.പി.എ അടക്കം ചുമത്തി ഡിസംബര്‍ 23ന് നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷനില്‍ കേസെടുത്തെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്‌തെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.

ഫവാസിനെയും സിയാദിനെയുമാണ് ഒരു വൈകുന്നേരം അവരുടെ വസതികളിലെത്തിയ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇരുവരുടെയും വസതികളിലും റിയാസും പരാതിക്കാരിയായ യുവതിയും വാടകക്ക് താമസിച്ച വീടുകളിലും റെയ്ഡ് നടന്നു. പോലീസ് നല്‍കിയ കഥകള്‍  മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മൗത്ത് ടു മൗത്ത് ക്യാംപെയ്ന്‍ നടത്തി. യു.എ.പി.എ കേസായതിനാല്‍ നാട്ടുകാരെല്ലാം ഭീതിയിലായി. അടക്കം പറച്ചിലുകള്‍ക്കപ്പുറം വസ്തുകള്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ടില്ല. താന്‍ പ്രതിനിധാനം ചെയ്യുന്ന കളമശ്ശേരി മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകനായ സിയാദിന് വേണ്ടി പോലും കളമശ്ശേരി എം.എല്‍.എയും മുന്‍മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് ശബ്ദിച്ചില്ല. പറവൂരിലെ ഒരു മുസ്‌ലിം ചെറുപ്പക്കാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടും വി.ഡി സതീശനും പ്രതികരിച്ചില്ല.

പിന്നീട് നാട്ടിലെത്തിയ റിയാസും വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ പരാതി സഗൗരവം അന്വേഷിച്ചു. റിയാസിനും മാതാവിനും എതിരെ ഗാര്‍ഹിക പീഡനകുറ്റം മാത്രമെ നിലനില്‍ക്കൂവെന്നു ചൂണ്ടിക്കാട്ടി ഫവാസിനെയും സിയാദിനെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി പറവൂര്‍ ഫസ്റ്റ് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്തിമ കുറ്റ പത്രം സമര്‍പ്പിച്ചു. തികഞ്ഞ അസംബന്ധമായ കുറ്റപത്രം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിയാസും മാതാവും സമര്‍പ്പിച്ച ഹര്‍ജി നിലവില്‍ കേരള ഹൈക്കോടതി പരിഗണിക്കുകയാണ്.

കേസിന് പിന്നിലെ യാഥാര്‍ത്ഥ്യം.

പരസ്പര സമ്മതത്താല്‍ നടന്ന വിവാഹത്തിന് ശേഷം യുവതി തന്റെ മാതാപിതാക്കള്‍ തടഞ്ഞു വെച്ച പാസ്പോര്‍ട്ട് നിയമ സംവിധാനങ്ങളിലൂടെ വാങ്ങിയെടുത്തിരുന്നു. ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജിയില്‍ ഗുജറാത്തില്‍ തടവിലായിരുന്ന യുവതി ഹൈക്കോടതി വിധി പ്രകാരം ഭര്‍ത്താവിനൊപ്പം പോകുകുയും ചെയ്തു. 2014 മുതല്‍ 2017 വരെയുള്ള കാലത്തുണ്ടായ പ്രണയവും വിവാഹ ജീവിതവും ഐസ്ഐസ് റിക്രൂട്ട്മെന്റ് ആരോപണമായി മാറുന്നതിന് പിന്നിലെ ഗൂഢാലോചന പോലീസിന് മനസിലായില്ല എന്നത് നിഷ്‌കളങ്കമാണോ?

പറവൂര്‍, കളമശ്ശേരി മണ്ഡലങ്ങളില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ നടന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കങ്ങളാണ് കേരള പോലീസെടുത്ത ക്രൂരമായ നിലപാടിന് പിന്നില്‍. ഫവാസിന്റെ പിതാവ് ജമാലും സിയാദും സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാവിന്റെ ബിസിനസ് പങ്കാളിയും ചേര്‍ന്ന് നടത്തി വന്ന ഇടപാടുകളില്‍ വന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ദുരൂഹമായ വിദേശയാത്ര ഇടപാടുകള്‍ പുറത്ത് വന്നിരുന്നു.

ഈ വിഷയത്തിലുള്ള തീരാ പകയാണ് സാഹചര്യം സമര്‍ത്ഥമായി മുതലെടുത്ത് എറണാകുളം റൂറല്‍ പോലീസിലെ കിരാത സംവിധാനം സിയാദിനെ കുടുക്കിയത്. നിരപരാധികളായ റിയാസിനെയും ഫവാസിനെയും കുടുക്കിയാലേ സിയാദിനുള്ള യു.എ.പി.എ കെണി ഒരുങ്ങൂവെന്ന ഗൂഢാലോചനയാണ് പറവൂര്‍ യു.എ.പി.എ കേസിന്റെ പിറവിക്ക് പിന്നില്‍.

എറണാകുളം റൂറല്‍ പോലീസും രാഷ്ട്രീയ ബിനാമി മാഫിയയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന കേരള പോലീസിന് കളങ്കമുണ്ടാക്കിയതില്‍ സമഗ്രാന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യാജ യു.എ.പി.എ കേസ് സൃഷ്ടിക്കുന്നതില്‍ നടന്ന ഗൂഢാലോചന, അതിന്റെ മറവില്‍ നടന്ന സാമ്പത്തിക വിനിമയങ്ങള്‍, സംസ്ഥാന ഇന്റലിജന്‍സ് വീഴ്ച എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരും.

പറവൂരിലെ ഐഎസ് റിക്രൂട്ട്മെന്റ് എന്ന പേരില്‍ നിരപരാധികളുടെ ദൃശ്യങ്ങളടക്കം എന്നും വംശവെറിയോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനടക്കം ആരു സമാധാനം പറയും എന്ന മനുഷ്യാവകാശ പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചേ മതിയാവൂ. തന്റെ മണ്ഡലത്തില്‍ വംശവെറിയോടെ പാചകം ചെയ്യപ്പെട്ട വ്യാജ യു.എ.പി.എ കേസില്‍ നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇതില്‍ കാട്ടുന്ന കുറ്റകരമായ മൗനം വെടിയുകയും വേണം.

മാത്രമല്ല അലനും താഹയും പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയ മുസ്‌ലിം വേട്ടയുടെ ഇരകളായി ചിത്രീകരിക്കപ്പെടുമ്പോള്‍ നിരപരാധികളെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടും റിയാസും ഫവാസും സിയാദും ഇരകളായി രാഷ്ട്രീയ ഇസ്‌ലാമിനാല്‍ പോലും പരിഗണിക്കപ്പെടാത്തതെന്തുകൊണ്ടാണെന്നും വിശകലനം ചെയ്യേണ്ടതുണ്ട്‌.

content highlights: Shouldn’t be discussed the Paravur UAPA case like the Pandirankav UAPA case?

നായിബ് ഇ.എം

We use cookies to give you the best possible experience. Learn more