'ഇനിയിപ്പോള്‍ കളിച്ചിട്ട് കാര്യമുണ്ടോ'?; ദക്ഷിണാഫ്രിക്കന്‍ പരമ്പര റദ്ദ് ചെയ്തൂകൂടേയെന്ന് മുന്‍ ഇന്ത്യന്‍ താരം
Sports News
'ഇനിയിപ്പോള്‍ കളിച്ചിട്ട് കാര്യമുണ്ടോ'?; ദക്ഷിണാഫ്രിക്കന്‍ പരമ്പര റദ്ദ് ചെയ്തൂകൂടേയെന്ന് മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th December 2021, 10:54 am

ഇന്ത്യന്‍ റെഡ്‌ബോള്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിക്കിന്റെ പിടിയിലായതോടെ ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര റദ്ദാക്കിക്കൂടെയെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഇക്കാര്യം പറയുന്നത്.

‘രവീന്ദ്ര ജഡേജയില്ല, അക്‌സര്‍ പട്ടേല്‍ ഇല്ല, രാഹുല്‍ ചഹര്‍ ഇല്ല, ശുഭ്മാന്‍ ഗില്ലും ഇല്ല, ഇപ്പോഴവര്‍ പറയുന്നു രോഹിത്തിനും കളിക്കാന്‍ പറ്റില്ലെന്ന്. എന്താണ് സംഭവിക്കുന്നതെന്നെനിക്കറിയില്ല. ഇനി നമ്മള്‍ കളിക്കേണ്ടതുണ്ടോ. എന്തുകൊണ്ട് പരമ്പര റദ്ദാക്കിക്കൂടാ,’ ആകാശ് ചോപ്ര ചോദിക്കുന്നു.

2021ലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററായിരുന്ന രോഹിത്തിന്റെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഹിത്തിന്റെ ഓപ്പണിംഗില്‍ മികച്ച കൂട്ടുകെട്ടായിരുന്നു ഇന്ത്യ സ്വന്തമാക്കിയിരുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

രോഹിത്തും കെ.എല്‍. രാഹുലുമായിരുന്നു ഇന്ത്യയുടെ ഓപ്പണിംഗ് ദ്വയം. എന്നാല്‍ രോഹിത്തിന് പരിക്കേറ്റതോടെ മായങ്ക് അഗര്‍വാളാവും രാഹുലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണാഫ്രിക്കയുമായി നടക്കാനിരിക്കുന്ന പരമ്പരയിലെ പ്രധാന താരവും ഉപനായകനുമായിരുന്നു രോഹിത് ശര്‍മ.

നെറ്റ്സില്‍ പ്രാക്ടീസ് ചെയ്യവെയാണ് രോഹിത്തിന് പരിക്കേറ്റത്. സൈഡ് ആം ഉപയോഗിച്ചുള്ള പ്രാക്ടീസിനിടെയാണ് താരത്തിന്റെ കൈവിരലിന് പരിക്കേറ്റിരിക്കുന്നത്. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ് രാഘവേന്ദ്രയുടെ പന്ത് രോഹിത്തിന്റെ കയ്യില്‍ കൊള്ളുകയും വേദനകൊണ്ട് പുളഞ്ഞ രോഹിത് താഴെ വീഴുകയുമായിരുന്നു.

മൂന്നാഴ്ചയോളം രോഹിത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇതേ തുടര്‍ന്നാണ് ഈ മാസം നടക്കുന്ന മത്സരം താരത്തിന് നഷ്ടപ്പെടുന്നത്.

രോഹിത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് സൗരാഷ്ട്ര ബാറ്റര്‍ പ്രിയങ്ക് പാഞ്ചലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി ബി.സി.സി.ഐ വ്യക്തമാക്കിയരുന്നു.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി-20 മത്സരങ്ങളുമാണുള്ളത്. ഡിസംബര്‍ 9 മുതലായിരുന്നു ആദ്യം പരമ്പര തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ പരമ്പര നീട്ടുകയായിരുന്നു.

26ന് സെഞ്ചൂറിയനില്‍ വെച്ചാണ് ആദ്യ ടെസ്റ്റ്. കേപ് ടൗണിലും ജോഹനാസ്‌ബെര്‍ഗിലും വെച്ചാണ് മറ്റ് രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: “Should we cancel the South Africa tour?” – Aakash Chopra on Rohit Sharma joining the list of unavailable players